മുൻ എംഎൽഎ എ യൂനുസ്‌ കുഞ്ഞ്‌ അന്തരിച്ചു

0
85

മുസ്ലിംലീഗ് നേതാവും മുൻ എംഎൽഎയുമായ എ യൂനുസ്‌ കുഞ്ഞ്‌ (80) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ്‌ ബാധിതനായശേഷം വിശ്രമത്തിലായിരുന്നു. കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991 ല്‍ മലപ്പുറത്ത് നിന്നാണ് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്. കശുവണ്ടി വ്യവസായിയായിരുന്ന യൂനുസ് കുഞ്ഞ് പിന്നീട് വിദ്യാഭ്യാസ മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പ്രഫഷണല്‍ കോളജുകളടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്.

മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം, കൊല്ലം ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നാല് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്. മൃതദേഹം സംസ്‌കാരം വൈകിട്ട് 4ന് കൊല്ലൂർവിള ജുമാ മസ്ജിദ്‌ ഖബറിസ്‌ഥാനിൽ.