നയതന്ത്ര സ്വർണക്കടത്ത്: മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴയ്ക്കാൻ സമ്മർദ്ദമുണ്ടായി- എം ശിവശങ്കർ

0
91

നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി എം ശിവശങ്കർ. മുഖ്യമന്ത്രി പിണറായി വിജയനെ കേസിൽ വലിച്ചിഴയ്ക്കാൻ സമ്മർദ്ദമുണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിക്കെതിരെ തന്റെ മൊഴി എളുപ്പത്തിൽ ലഭിക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരാൾ പോലും കസ്റ്റംസിനെ വിളിച്ചു എന്നൊക്കെ പറയുന്നത് പച്ചക്കള്ളമാണ്. സ്വർണക്കടത്ത് കാസിലിന്റെ മറവിൽ മാധ്യമങ്ങൾ തന്നെ നിരന്തരം വേട്ടയാടുകയായിരുന്നുവെന്നും ശിവശങ്കർ തുറന്നടിക്കുന്നു. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് കേരളത്തിലെ വാർത്താമാധ്യമങ്ങളുടെ അളിഞ്ഞ മുഖം കൂടി ശിവശങ്കർ അനാവരണം ചെയ്യുന്നത്.

മുഖ്യമന്ത്രിക്കെതിരെ തന്റെ മൊഴി എളുപ്പത്തിൽ ലഭിക്കുമെന്നാണ് ചിലർ കരുതിയത്. എന്നാൽ, തെറ്റ് ചെയ്യാത്തതിനാൽ പൊരുത്തക്കേട് ഉണ്ടായില്ലെന്ന് എം ശിവശങ്കർ വ്യക്തമാക്കി. തന്നെ ചികിത്സിച്ച ഡോക്ടറെ കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞു. സ്വർണക്കടത്ത് കേസിൽ തനിക്കെതിരെ പ്രചരിച്ചത് കടും നിറത്തിലുള്ള ആരോപണങ്ങളും ഊതിപ്പെരുപ്പിച്ച നുണകളുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരാൾ പോലും കസ്റ്റംസിനെ വിളിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കേസുമായി കുരുക്കാൻ ചിലർ കൊണ്ടുപിടിച്ച ശ്രമം നടത്തി.

ദുബൈയിൽ നിന്ന് സ്വർണം കയറ്റിവിട്ടത് ആര്, ആർക്കുവേണ്ടിയാണ് എന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിൽ നിന്നു ശ്രദ്ധ തിരിക്കാനായി തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തിയെന്ന് കരുതുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പെരുംനുണ പറഞ്ഞു. മാധ്യമങ്ങൾ വേട്ടയാടി. സസ്പൻഷൻ ആവുന്നതിനു മുൻപ് അങ്ങനെ റിപ്പോർട്ട് നൽകി.

സ്വർണക്കടത്ത് കേസിൽ തൻ്റെ പേര് വലിച്ചിഴക്കപ്പെട്ടു. സ്വപ്ന പഴയ സുഹൃത്തായിരുന്നു. എന്നാൽ, സ്വപ്നയ്ക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടായിരുന്നു എന്നത് അപ്രതീക്ഷിതമായിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന സ്വപ്നയുടെ ആവശ്യം നിരസിച്ചു. പിന്നീട് സ്വപ്നയും ഭർത്താവും ഫ്ലാറ്റിലെത്തി വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ, ഇടപെടാൻ കഴിയില്ലെന്ന് വീണ്ടും മറുപടി നൽകി. ചില പരാമർശങ്ങളുടെ അരികും മൂലയും വെച്ച് മാധ്യമങ്ങൾ ഇല്ലാക്കഥകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു.

യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക്‌ ബാഗേജ്‌ വഴി നടന്ന സ്വർണക്കള്ളക്കടത്തു കേസിൽ ഉൾപ്പെടുത്തി, പിന്നെയും കുറേ കേസുകളിൽ കുടുക്കി ജയിലിലടക്കപ്പെട്ട എം ശിവശങ്കർ ആ നാൾവഴികളിൽ സംഭവിച്ചത്‌ എന്തെല്ലാമെന്ന്‌ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.