നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ചയും വാദം തുടരും. വെള്ളിയാഴ്ച പകൽ 1.45ന് വീണ്ടും പരിഗണിക്കുമെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേട്ട ജസ്റ്റിസ് പി ഗോപിനാഥ് അറിയിച്ചു. പ്രതിഭാഗം വാദം വ്യാഴാഴ്ച പൂർത്തിയായി. പ്രോസിക്യൂഷൻ വാദം വെള്ളിയാഴ്ച പൂർത്തിയാക്കും. ഇതിനുശേഷമായിരിക്കും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുക.
കേസ് വൈകിപ്പിക്കുകയാണെന്ന ആരോപണം ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദം ഇന്നും ദിലീപ് ആവർത്തിച്ചു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു.
കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എഡിജിപി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസ്. ബാലചന്ദ്രകുമാര്‍ പറയാത്ത പല കാര്യങ്ങളും എഫ്‌ഐആറില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു.
പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ല. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളത്. എഡിജിപി അടക്കമുള്ളവർ ഈ ഗൂഢാലോചനയിൽ പങ്കാളികളാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ യോഗം ചേര്ന്നാണ് ഗൂഢാലോചന നടത്തി തനിക്കെതിരെ പുതിയ കേസ് കെട്ടിച്ചമക്കുകയായിരുന്നുവെന്നും ദിലീപ് കോടതിയിൽ വാദിച്ചു.
ദിലീപിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഈ സാഹചര്യത്തിൽ ജാമ്യാപേക്ഷ തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.