ബോംബ് സ്ഫോടനം: ആർഎസ്എസ് ഖണ്ഡ്‌ കാര്യവാഹക് അറസ്റ്റിൽ

0
243

വീട്ടിൽ നിർമാണത്തിനിടെ ബോംബ് സ്ഫോടനമുണ്ടായ സംഭവത്തിൽ ആർഎസ്എസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ്‌ പയ്യന്നൂര്‍ ഖണ്ഡ്‌ കാര്യവാഹക് കാങ്കോൽ ആലക്കാട്ടെ ബിജുവിനെയാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിൽ കൈപ്പത്തി തകർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബിജു. ആശുപത്രിയിലെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌ഫോടകവസ്‌തു നിയമപ്രകാരമാണ്‌ കേസ്‌. പരിക്ക്‌ അൽപ്പം ഭേദമായാലുടൻ ഇയാളെ വിശദമായി ചോദ്യം ചെയ്യും.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ബിജുവിന്റെ ഇടതു കൈയിലെ രണ്ടു വിരൽ അറ്റുപോയത്. മറ്റു വിരലുകൾക്കും സാരമായ പരിക്കുണ്ട്‌. ബോംബ് നിർമാണത്തിനിടെയായിരുന്നു സ്ഫോടനം. സംഭവമുണ്ടായി നിമിഷങ്ങൾക്കുള്ളിൽ പുറമെനിന്ന്‌ വാഹനമെത്തിച്ച്‌ ബിജുവിനെ രഹസ്യകേന്ദ്രത്തിലേക്കും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു.

സ്ഫോടനശേഷം സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിച്ചിരുന്നു. ഇത് കൂട്ടുപ്രതികളുടെകൂടി സഹായത്തോടെയാണോ എന്നതുൾപ്പെടെ പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. സിപിഐ എം പ്രവർത്തകൻ കുന്നരുവിലെ ധനരാജ് വധക്കേസിൽ പ്രതിയായ ബിജു വധശ്രമം ഉൾപ്പെടെ മറ്റു നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്‌.