ആരെന്നറിയാത്ത യുവാവിന് ന്യൂറോ സര്‍ജറി നടത്തി രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

0
70

വാഹനാപകടത്തിൽ തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ് ആരെന്നറിയാതെ ആശുപത്രിയിലെത്തിച്ച യുവാവിന് ലക്ഷങ്ങൾ ചെലവാകുന്ന ന്യൂറോ സർജറി ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സയും പരിശോധനയും പരിചരണവും നൽകി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് രക്ഷപ്പെടുത്തി. ജീവിതത്തിലേക്ക് തിരിച്ചു വന്ന മലപ്പുറം പുതുപൊന്നാനി സ്വദേശി ഷറഫുദ്ദീൻ (34) ഇന്ന് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജായി.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് ടീമിനെ വിളിച്ച് അഭിനന്ദിച്ചു. പേരും വിലാസവും ഒന്നും അറിയാതിരുന്നിട്ടും കാവലായി നിന്ന് ഒരേ മനസോടെ പരിചരണം നൽകിയ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് എല്ലാ ജിവനക്കാരേയും അഭിനന്ദിക്കുന്നു. സർക്കാർ മെഡിക്കൽ കോളേജുകളിൽ അപടകത്തിലും അല്ലാതെയും ദിവസവും നിരവധി അജ്ഞാതരേയാണ് ചികിത്സയ്‌ക്കെത്തിക്കുന്നത്. അവർക്ക് വേണ്ട ചികിത്സയും മരുന്നും ഭക്ഷണവും കരുതലുമെല്ലാം ആ മെഡിക്കൽ കോളേജുകളും അവിടെയുള്ള ഒരു കൂട്ടം ജീവനക്കാരുമാണ് നിർവഹിക്കുന്നത്. ഇത്തരം സേവനം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

റോഡപകടത്തിൽ തലയ്ക്ക് അതീവഗുരുതരമായി പരിക്കേറ്റ് ആരും ഇല്ലാതെയാണ് 2021 ഡിസംബർ 22ന് കൊല്ലം നീണ്ടകരയിൽ നിന്ന് ഷറഫുദ്ദീനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഉടൻ തന്നെ ഷറഫുദ്ദീന് വിദഗ്ധ ചികിത്സ ആരംഭിച്ചു. തലയുടെ സിടി സ്‌കാൻ എടുക്കുകയും പരിക്ക് അതീവ ഗുരുതരമെന്ന് മനസിലാക്കി അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് സൂപ്പർ സ്‌പെഷ്യലിറ്റി വിഭാഗത്തിലെ ട്രോമ കെയർ ഐസിയുവിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സിച്ചു. കണ്ണിമ തെറ്റാതെ ന്യൂറോസർജറി വിഭാഗം ഡോക്ടർമാരും ട്രോമ ഐസിയുവിലെ നഴ്‌സുമാരും നഴ്‌സിംഗ് അസിസ്റ്റന്റുമാരും അറ്റൻഡർമാരും ഫിസിയോ തെറാപ്പിസ്റ്റുമാരും അടങ്ങുന്ന ജീവനക്കാർ തങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ആ രോഗിയെ പരിചരിച്ചു.

21 ദിവസങ്ങൾക്ക് ശേഷമാണ് ഷറഫുദ്ദീൻ കണ്ണ് തുറക്കാനും ചെറുതായി പ്രതികരിക്കാനും തുടങ്ങിയത്. അപ്പോൾ വളരെ പ്രയാസപ്പെട്ട് കിട്ടിയ വാക്കുകളിൽ നിന്നാണ് പേരും സ്ഥലവും മനസിലാക്കിയാക്കിയത്. തുടർന്ന് അവിടെയുണ്ടായിരുന്ന സ്റ്റാഫ് പൊന്നാനിയിലെ ബന്ധുവായ പോലീസുമായി ബന്ധപ്പെട്ടു. പൊന്നാനിയിൽ നിന്നും ഒരു മിസിംഗ് കേസ് ഉണ്ടെന്ന് കണ്ടെത്തി. ആ കേസിൽ കാണാതായ വ്യക്തി ഇതാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിന്റെ സഹായത്തോടെ രോഗിയെ തിരിച്ചറിഞ്ഞു. അങ്ങനെ അവരോടൊപ്പം പുതുജന്മമായി ഷറഫുദ്ദീൻ വീട്ടിലേക്ക് മടങ്ങുമ്പോൾ നന്ദി പറയാൻ വാക്കുകളില്ലാതെ കണ്ണ് നിറയുകയായിരുന്നു.

ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി അനിൽ, ന്യൂറോ സർജറി യൂണിറ്റ് 3 തലവൻ ഡോ. കെ.എൽ. സുരേഷ് കുമാർ, ന്യൂറോ സർജറി വിഭാഗം ഡോക്ടർമാരായ ഡോ. ബി.എസ്. സുനിൽകുമാർ, ഡോ. ജ്യോതിഷ്, ഡോ. അഭിഷേക്, ഡോ. സാനു, ന്യൂറോ സർജറി വിഭാഗം പിജി ഡോക്ടർമാരായ ഡോ. മനോജ്, ഡോ. സൗമ്യദീപ്ത നന്ദി, ഡോ. രവ്യ, ട്രോമ ഐസിയുവിലെ സീനിയർ നഴ്‌സിംഗ് ഓഫീസർമാരായ യാമിനി, ബീന, നഴ്‌സിംഗ് ഓഫീസർമാരായ മഞ്ജുഷ, ഇന്ദു, ദിവ്യ, ജസ്‌ന, ഷിജാസ്, ആർഷ, രമ്യകൃഷ്ണൻ, ടീന, അശ്വതി, ഷിൻസി, വിനീത, സനിത, അജീഷ്, ഫിസിയോ തെറാപ്പിസ്റ്റുകളായ ബിനു, കാവ്യ, അനന്തു, ഹരി അറ്റൻഡർമാരായ ഷീജാമോൾ, ദീപ, സന്ധ്യ, സുലത, ഗീത എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി.