ഫോണുകള്‍ ഇന്ന് തന്നെ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറണം, അവിടെ നിന്ന് അന്വേഷണ സംഘത്തിന് കൈപ്പറ്റാം; ഹൈക്കോടതി

0
63

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ഇന്ന് തന്നെ ആലുവ മജിസ്ട്രേറ്റിന് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഈ ഫോണുകള്‍ അന്വേഷണസംഘത്തിന് കൈപ്പറ്റാം.

കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദിലീപിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്ന് നാളെ മറ്റ് പ്രതികള്‍ പറയാന്‍ ഇടയാക്കരുതെന്നും അത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ദീലിപ് ജാമ്യത്തിന് അര്‍ഹനാണോ എന്ന് തീരുമാനിക്കാന്‍ അന്വേഷണവുമായി സഹകരിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും കോടതി പറഞ്ഞു.

ദിലീപും മറ്റ് പ്രതികളും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നിഷേധിക്കണമെന്ന് ഡി.ജി.പി കോടതിയോട് ആവശ്യപ്പെട്ടു. ദിലീപ് അടക്കമുളള പ്രതികള്‍ നിസഹകരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് കൈയ്യിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിനോട് നിസഹകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഉടനീളം ഇതായിരുന്നു ദിലീപ് അടക്കമുള്ള പ്രതികളുടെ രീതിയെന്നും പ്രോസിക്യൂഷന്‍ കൂട്ടിചേര്‍ത്തു.

നിലവില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കോളുകള്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ ആണ് ദിലീപ് കൈയ്യില്‍ ഇല്ലായെന്ന് പറയുന്നത്. 1,3,7 ഫോണുകള്‍ ആണ് ദിലീപ് കോടതിയില്‍ അറിയിച്ചത്. ഏഴ് വര്‍ഷമായി ഉപയോഗിച്ചതെന്ന് പറഞ്ഞു സുരാജ് കൈമാറിയത് ഈ അടുത്ത് മാത്രം ഉപയോഗിച്ച ഫോണാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

സി.ഡി.ആര്‍ പരിശോധിച്ചപ്പോഴാണ് ഫോണിന്റെ കാര്യത്തില്‍ സുരാജ് കള്ളം പറയുകയാണ് എന്ന് മനസ്സിലായത്. കേസില്‍ ക്രമനമ്പര്‍ പ്രകാരം മൂന്നാമതുള്ള ഫോണും നിര്‍ണായകമാണ്. അതും കാണാനില്ലായെന്നാണ് ദിലീപ് പറയുന്നത്. ക്രമനമ്പര്‍ ഒന്നായി രേഖപ്പെടുത്തിയ 9995676722 നമ്പറില്‍ ഉപയോഗിച്ച് ഫോണ്‍ 23.1.2021 മുതല്‍ 31.8.2021 വരെ ഉപയോഗിച്ചിരുന്നതാണ്.

221 ദിവസം ഫോണ്‍ ഉപയോഗിച്ചതിന്റെ സിഡിആര്‍ പൊലീസിന്റെ കൈയ്യിലുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത കാലത്ത് ഉപയോഗിച്ച ഫോണ്‍ ഇല്ല എന്ന് എങ്ങനെയാണ് പറയാനാവുകയെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ക്രമനമ്പര്‍ ഒന്നായി രേഖപ്പെടുത്തിയ ഫോണില്‍2075 കോളുകള്‍ ഉണ്ട്. ഈ ഫോണും ഇല്ലാ എന്നാണ് പറയുന്നത്. 23121 മുതല്‍ 201221 വരെയുള്ള കോളുകള്‍ ആണ് സി.ഡി.ആര്‍ പ്രകാരം ക്രമനമ്പര്‍ മൂന്നാം ഫോണില്‍ ഉള്ളതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.