ഡോക്ടറാകണമെന്ന ശ്രുതിമോളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി

0
44

ഡോക്ടറാകണമെന്ന ശ്രുതിമോളുടെ സ്വപ്നം പൂവണിയും. ആദ്യവർഷത്തെ ഫീസിനുള്ള 10 ലക്ഷം രൂപ സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി ശേഖരിച്ചു നൽകും. ഇതിനായി റോമിയോ സെബാസ്റ്റ്യൻ ചെയർമാനും പി.ബി.സബീഷ് കൺവീനറും ഇ.എൻ.ചന്ദ്രൻ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചു.

ഫെബ്രുവരി രണ്ടിന് സിപിഐ എം, ഡി വൈ എഫ് ഐ പ്രവർത്തകർ ഇടുക്കി ഏരിയയിലെ വീടുകൾ കയറി പാഴ്‌വസ്തുക്കൾ ശേഖരിച്ച് തുക സമാഹരിക്കും.

ചോർന്നൊലിക്കുന്ന വീട്ടിലിരുന്നു പഠിച്ച് മെഡിക്കൽ എൻട്രൻസിന് 4203-ാംറാങ്ക്‌ നേടിയിട്ടും ഫീസടയ്ക്കാൻ പണമില്ലാതെ കണ്ണീരൊഴുക്കുന്ന മുരിക്കാശ്ശേരി പടമുഖം പാറച്ചാലിൽ ശ്രുതിമോൾ തമ്പിയെക്കുറിച്ച് ‘മാതൃഭൂമി’ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വായിച്ചറിഞ്ഞ സിപിഐ എം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് രാവിലെ ശ്രുതിമോളുടെ വീട്ടിലെത്തി സഹായം വാഗ്ദാനംചെയ്തു.

ശ്രുതിമോളുടെ അമ്മ ബിന്ദുവിനോട് കുടുംബസാഹചര്യങ്ങൾ ചോദിച്ചറിഞ്ഞു. വാസയോഗ്യമായ വീട് നിർമിച്ചുനൽകാനുള്ള കാര്യങ്ങൾ ക്രമീകരിക്കുമെന്നും ഉറപ്പുനല്കി. സി.പി.എം. തോപ്രാംകുടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷൈൻ കല്ലേക്കുളം, കമ്മിറ്റിയംഗങ്ങളായ കെ.യു.വിനു, ഇ.എൻ.ചന്ദ്രൻ, ഗ്രാമപ്പഞ്ചായത്തംഗം ലൈലാമണി തുടങ്ങിയവർ സി.വി.വർഗീസിനൊപ്പം ശ്രുതിമോളുടെ വീട്ടിലെത്തി.

ശ്രുതിമോളുടെ അച്ഛൻ തമ്പി, 2011-ൽ ഹൃദയാഘാതംമൂലം മരിച്ചിരുന്നു. തുടർന്ന് അമ്മ ബിന്ദു കൂലിപ്പണിചെയ്താണ് രണ്ട് പെൺമക്കളെ പഠിപ്പിച്ചത്. പ്ലസ്ടുവിന് 91.6 ശതമാനം മാർക്കുനേടി വിജയിച്ച ശ്രുതിമോളെ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ എൻട്രൻസ് പരിശീലനത്തിനയച്ചു. രണ്ടുവർഷവും ബ്രില്യന്റിൽ പഠിച്ച ഈ കുട്ടിക്ക് പൂർണമായും സൗജന്യ പരിശീലനമാണ് ഇവിടെ നൽകിയത്.

വിദ്യാഭ്യാസവായ്പ കിട്ടാനുള്ള നിയമ തടസ്സങ്ങളുണ്ടായി. കോളേജിൽ പ്രവേശനം നേടിയാൽ മാത്രമേ ബാങ്കിൽനിന്ന് വിദ്യാഭ്യാസ വായ്പ ലഭിക്കുകയുള്ളൂ. പ്രവേശനം നേടണമെങ്കിൽ ആദ്യ വർഷത്തെ ഫീസടക്കണം. ആ പ്രശ്നത്തിനാണ് പരിഹാരമുണ്ടായിരിക്കുന്നത്.