സാമൂഹികസുരക്ഷാക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ മസ്‌റ്ററിങ്ങിന് ഇന്നു മുതൽ 20 വരെ നടക്കും. ഇതുവരെ മസ്റ്ററിങ് പൂർത്തീകരിക്കാത്ത പെൻഷന് അർഹതയുള്ള ഗുണഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിങ് നടത്തുന്നതിനും കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിങ് നടത്തുന്നതിനുമാണ് അക്ഷയകേന്ദ്രങ്ങൾ മുഖേന അവസരം. 2019 ഡിസംബർ 31നു മുൻപു സാമൂഹികസുരക്ഷാ പെൻഷനോ ക്ഷേമ പെൻഷനോ അനുവദിച്ചിട്ടും മസ്റ്റർ ചെയ്യാത്തവർക്കു വേണ്ടിയാണിത്.
പെൻഷൻ വാങ്ങുന്നയാൾ നേരിട്ടെത്തണം
പെൻഷൻ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്. പെൻഷൻ വാങ്ങുന്ന വ്യക്തി നേരിട്ട് അക്ഷയ കേന്ദ്രത്തിൽ എത്തണം. ആധാർ കാർഡ് കൈയിൽ കരുതണം.
ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് (ഐറിസ്) ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. ആധാറിലുള്ള വിരലടയാളവും, മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാൽ മാത്രമേ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ. സൗജന്യമാണ് ഈ സേവനം. സർക്കാരാണ് മസ്റ്ററിങ് ചെലവുകൾ വഹിക്കുന്നത്.