കേന്ദ്ര ബജറ്റ്: സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുർബലപ്പെടുത്തും -മുഖ്യമന്ത്രി

0
155

കോവിഡിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുർബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവർഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ധന സഹായം എന്നിവയിൽ കാലാനുസൃതമായ പരിഗണന കാണാനില്ല.

റെയിൽവേ, വ്യോമഗതാഗതം എന്നിവ അടക്കമുള്ള മേഖലകളിലെ ഡിസ്ഇൻവെസ്റ്റ്മെൻറ് നയം കൂടുതൽ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ജനങ്ങളുടെ ദുരിതത്തിനിടയാക്കിയ ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് മുമ്പോട്ടുപോകുമെന്നതിൻറെ സൂചകളും ബജറ്റിൽ വേണ്ടത്രയുണ്ട്.

സാധാരണക്കാരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾക്കു നേർക്ക് തീർത്തും നിഷേധാത്മകമായ സമീപനമാണ് ബജറ്റ് പുലർത്തുന്നത്. ഇ-പി.എഫ് മിനിമം പെൻഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതും, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കാലത്തിനൊത്ത് നവീകരിച്ച് ശക്തിപ്പെടുത്താത്തതിലും, അവശ വിഭാഗ പെൻഷൻ വർദ്ധിപ്പിക്കുകയോ, വ്യാപിപ്പികയോ ചെയ്യാത്തതിലും എല്ലാം കേന്ദ്രത്തിൻറെ മനുഷ്യത്വ രഹിതമായ മനോഭാവമാണ് പ്രകടമാകുന്നത്.

പ്രധാനമന്ത്രിയുടെ ഗതിശക്തിയെന്ന പുതിയൊരു പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽ, റോഡ്, വ്യോമ ഗതാഗതത്തെയാകെ സമഗ്രമായി കൂട്ടിയിണക്കുന്ന പദ്ധതിയായാണിത് കരുതപ്പെടുന്നത്. എന്നാൽ ഗതിശക്തിയിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ മൂർത്തമായ നിർദ്ദേശങ്ങളെ പരിഗണിച്ചതായി കാണുന്നില്ല.

സാമ്പത്തിക സർവ്വേയിലൂടെ വ്യക്തമായത് മൂന്ന് പതിറ്റാണ്ടുകാലത്തെ ഏറ്റവും വലിയ വിലക്കയറ്റം ഉണ്ടാവുകയാണ് രാജ്യത്ത് എന്നതാണ്. ജനങ്ങളുടെ കൈവശം പണം എത്തിച്ചാൽ മാത്രമേ ഇതിനെ നേരിടാനാകൂ. എന്നാൽ ആ വഴിക്കുള്ള ഒരു നീക്കവും ബജറ്റിൽ കാണാനില്ല.
കോവിഡ് കാലത്ത് വലിയ തോതിൽ അസമത്വം വർദ്ധിച്ചു. ആ വിടവ് നികത്തണമെങ്കിൽ ദുർബല – നിസ്വജനവിഭാഗങ്ങളിൽ സാമ്പത്തിക സഹായം എത്തണം. എന്നാൽ ആ വഴിയ്ക്കുള്ള നീക്കവുമില്ല.

പണപ്പെരുപ്പം ക്രമാതീതമായി വർദ്ധിക്കുന്നതും സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതും ഉള്ളവർക്കും ഇല്ലാത്തവർക്കുമിടയിലെ വിടവ് വർദ്ധിപ്പിക്കുന്നതും വൻകിട കോർപ്പറേറ്റ് താൽപ്പര്യങ്ങളെ പ്രീണിപ്പിക്കുന്നതും പൊതുവിൽ നാടിൻറെയും ജനങ്ങളുടെയും താൽപ്പര്യങ്ങളെ വലിയതോതിൽ ഹനിക്കുന്നതുമാണ് ഈ ബജറ്റ്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിച്ചുകൊണ്ടല്ലാതെ കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാവില്ല എന്ന പ്രാഥമികമായ ബോധം ബജറ്റിൽ എവിടെയുമില്ല.

കാർഷികമേഖല, ഭക്ഷ്യസബ്സിഡി, ഗ്രാമീണ തൊഴിൽ പദ്ധതി, കോവിഡ് പ്രതിരോധം എന്നിവയ്ക്കൊക്കെ പോയവർഷത്തെ ബജറ്റിൽ ഉണ്ടായിരുന്ന വിഹിതം പോലും ഇല്ലയെന്നത് ആശങ്കയുണർത്തുന്നതാണ്.

ഗതിശക്തി പദ്ധതിയിൽ കേരളത്തിൻറെ ഗതാഗത നവീകരണ സംബന്ധിയായ നിർദ്ദേശങ്ങളെ ഉൾപ്പെടുത്തണമെന്നും ജിഎസ്.ടി. നഷ്ടപരിഹാരത്തിൻറെ കാര്യത്തിൽ സംസ്ഥാനം മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിക്കണെന്നും കേരളത്തിൻറെ എയിംസ് അടക്കമുള്ള നിരന്തരമായ ആവശ്യങ്ങളെ പരിഗണിക്കണമെന്നും അഭ്യർത്ഥിക്കട്ടെ. ബജറ്റ് മറുപടി ഘട്ടത്തിൽ ഇത്തരം പരിഗണന ഉണ്ടാകുമെന്ന് പ്രത്യാശിക്കട്ടെ.

കേരളത്തിൻറെ തനതു പദ്ധതികളായ ഡിജിറ്റൽ സർവ്വകലാശാല നീക്കങ്ങൾ, ഓൺലൈൻ വിദ്യാഭ്യാസം, എം സേവനം, ഓപ്റ്റിക്കൽ ഫൈബർ വ്യാപനം എന്നിവയെ കേന്ദ്രം മാതൃകയായി ബജറ്റിൽ കാണുന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.