ഇ ഡി ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് ഇനി ബിജെപിയിൽ; സ്വയം വിരമിച്ചു, യു പിയില്‍ ബിജെപി സ്ഥാനാർത്ഥിയാകും

0
109

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അദ്ദേഹം സ്വമേധയാ വിരമിച്ചത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻപൂര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി രാജേശ്വര്‍ സിങ് മത്സരിക്കുമെന്നാണ് സൂചന.  സ്വയം വിരമിക്കലിനുള്ള രാജേശ്വരി സിങിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.

വിആര്‍എസ് എടുത്ത ഉടന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പുകഴ്ത്തി അദ്ദേഹം രംഗത്തെത്തി. നരേന്ദ്രമോഡി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവര്‍ ഇന്ത്യയെ ലോകശക്തിയാക്കാന്‍ പ്രയത്നിക്കുന്നവരാണെന്നും അവരോടൊപ്പം രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും രാജേശ്വര്‍ സിംഗ് ട്വീറ്റ് ചെയ്തു. ദേശീയവാദത്തിലൂന്നിയ രാഷ്ട്രീയമാണ് രാജ്യസേവനത്തിന് വേണ്ടതെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

 

”24 വര്‍ഷത്തെ യാത്രക്ക് വിരാമമിടുന്നു. ഈ അവസരത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, ഇ ഡി ഡയറക്ടര്‍ എസ് കെ മിശ്ര എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു,”. താന്‍ ഇതുവരെ നേടിയ അറിവുകള്‍ രാഷ്ട്രീയ പ്രവേശന വേളയില്‍ രാജ്യത്തിന് വേണ്ടിയും ജനങ്ങളെ സേവിക്കുന്നതിനായും വിനിയോഗിക്കുമെന്നും സിംഗ് ട്വീറ്റില്‍ പറഞ്ഞു.
രാഷ്ട്രീയപ്രവേശനം സ്ഥിരീകരിച്ച് രാജേശ്വര്‍ സിംഗ് രംഗത്തുവന്നു. താൻ ഇനിമുതൽ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് പൊലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിരുന്ന രാജേശ്വര്‍ സിംഗ് 2007ലാണ് ഇ ഡിയില്‍ ചേരുന്നത്. 2ജി സ്പെക്ട്രം അഴിമതി, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്, എയര്‍സെല്‍ മാക്സിസ് കുംഭകോണം, അമ്രപാലി അഴിമതി, നോക്കിയ പോണ്‍സി അഴിമതി, ഗോമതി റിവര്‍ഫ്രണ്ട് കുംഭകോണം, സഹാറ കേസ്, ഐ എന്‍ എക്‌സ് മീഡിയ കേസ് തുടങ്ങി നിരവധി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥനാണ് രാജേശ്വര്‍ സിംഗ്.