പാർലമെന്റ് ബജറ്റ് സമ്മേളനം നാളെ; പെഗാസസ് ആയുധമാക്കി പ്രതിപക്ഷം

0
59

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫെബ്രുവരി 11 വരെ നീണ്ടുനിൽക്കും. സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാർച്ച് 14ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും.

സമ്മേളനം ആരംഭിക്കുന്നതോടെ രാജ്യത്ത് വീണ്ടും പെഗാസസ് വിവാദം ആളിക്കത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2017ൽ ഇസ്രയേലുമായുള്ള സഹസ്രകോടികളുടെ പ്രതിരോധക്കരാറിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ പെഗാസസ് വാങ്ങിയതെന്ന ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തൽ പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇടപാടിനെ കുറിച്ച് നേരിട്ട് അറിയാമെന്നാണ് പ്രതിപക്ഷ ആരോപണം.
മോദിസർക്കാർ ചെയ്‌തത്‌ രാജ്യദ്രോഹമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപി തുറന്നടിച്ചിരുന്നു. ജനാധിപത്യ സ്‌ഥാപനങ്ങൾ, രാഷ്‌ട്രീയ നേതാക്കൾ, പൊതുസ്‌ഥാപനങ്ങൾ, ജുഡീഷ്യറി, പ്രതിപക്ഷ നേതാക്കൾ, സായുധസേന എന്നിവരുടെ വിവരങ്ങൾ ചോർത്താൻ വാങ്ങിയതാണ് പെഗാസസ് സോഫ്‌റ്റ്‌വെയറെന്നും അദ്ദേഹം വിമർശിച്ചു.

മോദിസർക്കാർ എന്തിനാണ് ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പെരുമാറിയതെന്ന് കോൺഗ്രസ് രാജ്യസഭാ നേതാവ് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. യുദ്ധമുന്നണിയിലെ ആയുധം ഇന്ത്യൻ പൗരന്മാർക്കെതിരേ ഉപയോഗിക്കുന്നു. നിയമവിരുദ്ധമായ ചോർത്തൽ രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ തകർക്കാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് മോദിസർക്കാർ പെഗാസസ് വാങ്ങിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ, രാഷ്‌ട്രീയ നേതാക്കൾ, സുപ്രീംകോടതി, ഉദ്യോഗസ്‌ഥർ തുടങ്ങിയവരുടെയൊക്കെ രഹസ്യം ചോർത്തുന്നത് ഗുരുതരമായ ജനാധിപത്യ അട്ടിമറിയാണ്. ഇത് അംഗീകരിക്കാനാവില്ല. ഈ സർക്കാർ പുറത്തുപോവണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

പ്രതിരോധ ആവശ്യത്തിനല്ല, പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചോർത്താനാണ് പെഗാസസ് ഉപയോഗിച്ചതെന്ന് ശിവസേനാ നേതാവ് പ്രിയങ്കാ ചതുർവേദി ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ ശക്തിസിൻഹ് ഗോഹിൽ, ഗൗരവ് ഗൊഗോയ് തുടങ്ങിയവരും കേന്ദ്രസർക്കാരിനെതിരേ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ബജറ്റ് സമ്മേളനം ചേരുന്നത്.

അതേസമയം, ഒമൈക്രോൺ വ്യാപനം സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തിൽ ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹൽവ ചടങ്ങ് ധനമന്ത്രാലയം ഒഴിവാക്കി. പകരം പ്രധാനപ്പെട്ട ജീവനക്കാർക്ക് അവരുടെ ജോലിസ്‌ഥലത്ത് മധുരപലഹാരങ്ങൾ വിതരണം ചെയ്‌തു. ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി രേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്‌ഥർക്ക് പുറത്തുപോകുന്നതിൽ വിലക്കുണ്ട്. അവരുടെ ‘ലോക്ക് ഇൻ’ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഹൽവ ചടങ്ങ് നടത്തുന്നത്.

നോർത്ത് ബ്‌ളോക്കിനുള്ളിൽ സ്‌ഥിതി ചെയ്യുന്ന ബജറ്റ് പ്രസിലാണ് കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപുള്ള കാലയളവിൽ എല്ലാ ഉദ്യോഗസ്‌ഥരും കഴിയുക. കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മാത്രമേ ഈ ഉദ്യോഗസ്‌ഥരും ജീവനക്കാരും അവരുമായി അടുപ്പമുള്ളവരോട് ബന്ധപ്പെടുകയുള്ളൂ.

2022-23ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന് ധനമന്ത്രി നിർമലാ സീതാരാമൻ കടലാസ് രഹിത രൂപത്തിൽ അവതരിപ്പിക്കും. മന്ത്രിയുടെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22ലെ യൂണിയൻ ബജറ്റും കടലാസ് രഹിതമായിരുന്നു. പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും’ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.