സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കൈക്കൂലി; എംജി സർവകലാശാല ജീവനക്കാരി പിടിയിൽ

0
68

കൈക്കൂലി വാങ്ങുന്നതിനിടെ എംജി സർവകലാശാലയിൽ ജീവനക്കാരി പിടിയിൽ. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്‌റ്റന്റ് സിജെ എൽസിയെയാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്‌. മാർക്ക് ലിസ്‌റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ ഇവർ വിദ്യാർഥിയോട് ഒന്നരലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

ഓഫിസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സെക്ഷൻ അസിസ്‌റ്റന്റ് വിജിലൻസിന്റെ പിടിയിലായത്. മാർക്ക് ലിസ്‌റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർഥിയോട് സെക്ഷൻ അസിസ്‌റ്റന്റ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

കൈക്കൂലിയായി ഒന്നര ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. തുടർന്ന് ബാങ്ക് വഴി വിദ്യാർഥിയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫിസിൽ വച്ച് കൈപ്പറ്റിയപ്പോഴാണ് വിജിലൻസിന്റെ പിടിവീണത്.