പെണ്ണുകാണലിന്റെ പേരിൽ വനിതാസംഘത്തിന്റെ ‘വിചാരണ’, അവശയായ യുവതി ആശുപത്രിയിൽ

0
108

പെണ്ണുകാണാന്‍ വന്ന ചെറുക്കന്റെ വീട്ടുകാര്‍ യുവതിയെ മണിക്കൂറുകളോളം ‘വിചാരണ’ നടത്തിയതോടെ ആശുപത്രിയില്‍ ചികിത്സ തേടി യുവതി. നാദാപുരം വാണിമേലാണ് സംഭവം. ചെറുക്കൻ വീട്ടുകാരുടെ ഭാഗത്ത് നിന്നെത്തിയ വനിതാ സംഘത്തിന്റെ സംസാരത്തിന് ശേഷമാണ് ബിരുദ വിദ്യാർത്ഥിനി അവശയായത്. ഇതിന് പിന്നാലെ രണ്ട് വീട്ടുകാരും തമ്മിൽ വാക്കുതർക്കം ഉടലെടുത്തതോടെ പെണ്ണുകാണൽ കൂട്ടത്തല്ലിൽ കലാശിക്കുമെന്ന ഘട്ടമായി. ഇതോടെ രാഷ്ട്രീയനേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

വെള്ളിയാഴ്ച വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിയിലാണ് സംഭവം. അതിങ്ങനെ. ചെറുക്കനും സംഘവും വന്ന് പെണ്ണ് കണ്ട് ഇഷ്ടപ്പെട്ട് പോയതിന് ശേഷം ചെറുക്കന്റെ വീട്ടുകാരായ 25ഓളം പേരടങ്ങുന്ന വനിതാ സംഘം പെൺവീട്ടിലെത്തി. പെൺകുട്ടിയെ പരിചയപ്പെടാൻ എന്ന പേരിൽ ഇവർ യുവതിയെ മുറിക്കുള്ളിലാക്കി വാതിലടച്ചു. തുടർന്ന് ഒരു മണിക്കൂറോളം നീണ്ട ‘വിചാരണ’. കോളേജ് പഠനവും മറ്റു പലകാര്യങ്ങളും ചോദിച്ച സംഘത്തിലെ ചിലർ മാന്യത വിട്ട് പ്രതികരിക്കുകയും ചെയ്തു. ഇതോടെ മാനസികവും ശാരീരികവുമായി തളർന്ന പെൺകുട്ടി അവശയായി. ഒടുവിൽ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘വിചാരണയ്‌ക്ക്’ ശേഷം മുറിക്ക് പുറത്ത് കടന്ന വനിതാസംഘം പെൺകുട്ടിയുടെ വീട്ടുകാർ ഒരുക്കിയ ഭക്ഷണം ആസ്വദിച്ച് കഴിച്ചു. തുടർന്ന് വിവാഹകാര്യത്തിൽ ഒന്നുകൂടി ആലോചിക്കണമെന്ന പ്രഖ്യാപനം കൂടിയായതോടെ രംഗം സംഘർഷഭരിതമായി.
പ്രകോപിതനായ പെൺകുട്ടിയുടെ പിതാവ് വീടിന്റെ ഗേറ്റ് അടച്ചു. വാഹനങ്ങൾ തടഞ്ഞുവെച്ചു. സ്ത്രീകളെയും പുരുഷൻമാരെയും ദീർഘനേരം തടഞ്ഞു. ആദ്യം സ്ത്രീകളെ വിട്ടുവെങ്കിലും സംഘത്തിലെ പുരുഷന്മാരെ തടഞ്ഞിട്ടു. ഒടുവിൽ രാഷ്‌ട്രീയക്കാരെ കൂടി വിവരമറിയിച്ച് താൽകാലിക പരിഹാരമുണ്ടാക്കി രംഗം ഒരുവിധം ശാന്തമാക്കുകയായിരുന്നു.