കൈക്കൂലി കേസ്; എംജി സർവകലാശാല ജീവനക്കാരിയെ കോടതിയിൽ ഹാജരാക്കും

0
67

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എംജി സർവകലാശാല ഉദ്യോഗസ്‌ഥയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്‌റ്റന്റ് സിജെ എൽസിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കുക. എൽസിയുടെ ബാങ്ക് ഇടപാടുകളും ഓഫിസും വിജിലൻസ് പരിശോധിക്കും.

കഴിഞ്ഞ ദിവസമാണ് ഓഫിസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ സെക്ഷൻ അസിസ്‌റ്റന്റ് വിജിലൻസിന്റെ പിടിയിലായത്. മാർക്ക് ലിസ്‌റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർഥിയോട് സെക്ഷൻ അസിസ്‌റ്റന്റ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

കൈക്കൂലിയായി ഒന്നര ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. തുടർന്ന് ബാങ്ക് വഴി വിദ്യാർഥിയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫിസിൽ വച്ച് കൈപ്പറ്റിയപ്പോഴാണ് വിജിലൻസിന്റെ പിടിവീണത്.