ധനരാജ് വധക്കേസിലെ പ്രതിയായ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ ബോംബ് സ്ഫോടനം, കൈപ്പത്തി തകർന്നു, പരിക്കേറ്റ നേതാവിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

0
88

കണ്ണൂരിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ ബോംബ് സ്ഫോടനം. ആർഎസ്എസിന്റെ കണ്ണൂർ ജില്ലാനേതാവും സിപിഐ എം പ്രവർത്തകൻ പയ്യന്നൂരിലെ ധനരാജിനെ വെട്ടിക്കൊന്ന കേസിലെ പ്രധാനപ്രതിയുമായ ആലക്കാട്ട് സ്വദേശി ബിജുവിന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. വീടിനകത്ത് പ്രത്യേകം ഉണ്ടാക്കിയ മുറിക്കുള്ളിൽ രഹസ്യമായി സൂക്ഷിച്ച ബോംബ് ശേഖരമാണ് പൊട്ടിത്തെറിച്ചത്.

സ്‌ഫോടനത്തിൽ ബിജുവിന് പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ ഇടത്തേ കൈപ്പത്തി തകര്‍ന്ന് രണ്ട് വിരലുകള്‍ സ്ഫോടനത്തില്‍ അറ്റു. സ്ഫോടനവിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തുന്നതിന് മുമ്പെ ബിജുവിനെ വീട്ടിൽ നിന്ന് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പരിക്കുകൾ സാരമുള്ളതാണെന്ന് കണ്ടെത്തിയതോടെ പിന്നീട് അതീവ രഹസ്യമായി കോഴിക്കോടുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. സ്‌ഫോടനം നടന്നയുടൻ വീടിന് പിൻവശത്തെത്തിയ ബൊലേറോയിൽ ബിജു കയറിപ്പോകുന്നത്‌ നാട്ടുകാർ കണ്ടിരുന്നു. ഇയാളുടെ ഭാര്യയും മക്കളും വീട്ടിലുണ്ട്‌.

ബിജുവിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്‍​എ​സ്‌എസുകാർ വീ​ടി​നു​ള്ളി​ല്‍ ബോം​ബ് നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടു​ക​യാ​യി​രു​ന്നു. ബോംബ് നിർമാണസംഘത്തിൽ നിരവധി പേ​രു​ണ്ടായി​രു​ന്നു. കർണാടകത്തിൽ നിന്നടക്കം ഉള്ള ക്രിമിനലുകളും ഈ സംഘത്തിൽ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്ഫോ​ട​നം ന​ട​ന്ന വീടും പരിസരവും ബോം​ബ് സ്ക്വാ​ഡ് പരിശോധിച്ചു. സംഭവത്തിൽ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെത്തി വിശദ പരിശോധന നടത്തുമെന്ന്‌ പൊലീസ്‌ പറഞ്ഞു. ബിജുവിന്റെ അമ്മയ്ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഇത് മൂന്നാം തവണയാണ് ബിജുവിന്റെ വീട്ടിൽ ബോംബ് സ്ഫോടനം ഉണ്ടാകുന്നത്. അന്നെല്ലാം ആർഎസ്എസ് നേതാക്കൾ ഇടപെട്ട് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു പതിവ്. ക്വാറിയിലേക്കുള്ള ജെലാറ്റിൻ സ്റ്റിക്കുകളുടെയും മറ്റും മറവിൽ ബിജു വൻതോതിൽ സ്ഫോടകവസ്തുക്കൾ ശേഖരിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.