മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ സോമനാഥ് അന്തരിച്ചു

0
87

മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ സോമനാഥ് (58) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ‘ആഴ്ചക്കുറിപ്പുകള്‍’ എന്ന പേരില്‍ ദീര്‍ഘകാലം പ്രതിവാര രാഷ്ട്രീയ പംക്തി കൈകാര്യം ചെയ്തു. ‘നടുത്തളം’ എന്ന പേരില്‍ എഴുതിയ നിയമസഭാവലോകനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ മൂന്നു പതിറ്റാണ്ടു പിന്നിട്ട അപൂര്‍വത കണക്കിലെടുത്ത് സാമാജികര്‍ക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമില്‍ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സോമനാഥിനെ ആദരിച്ചിരുന്നു. ‘സോമേട്ടൻ’ എന്നാണ് മാധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും ഇ സോമനാഥ് പൊതുവേ വിളിക്കപ്പെട്ടത്.

34 വർഷം മലയാള മനോരമയിൽ സേവനമനുഷ്ഠിച്ച ഇ സോമനാഥ് കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം യൂണിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. പ്രകൃതിസ്നേഹി കൂടിയായ സോമനാഥ് പരിസ്ഥിതി സംബന്ധമായ നിരവധി റിപ്പോർട്ടുകളും ചെയ്‌തിട്ടുണ്ട്‌.
വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയാണ്.ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍.