നടിയെ ആക്രമിച്ച കേസ്‌: പൾസർ സുനിയെ ചോദ്യംചെയ്‌തു

0
99

നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘം പൾസർ സുനിയെ എറണാകുളം സബ് ജയിലിൽ ചോദ്യം ചെയ്‌തു. നേരത്തെ പൾസർ സുനി ജയിലിൽ വച്ച് എഴുതിയതെന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. കത്തുമായി ബന്ധപ്പെട്ട് നേരത്തെ പൾസർ സുനിയുടെ സെല്ലിൽ പരിശോധന നടത്തിയിരുന്നു. അന്വേഷണ സംഘം സുനിയുടെ അമ്മ ശോഭനയില്‍ നിന്ന്‌ മൊഴിയെടുത്തിരുന്നു. ഇവരുടെ രഹസ്യമൊഴി വിചാരണക്കോടതി രേഖപ്പെടുത്തുകയും ചെയ്‌തു.

ഇരയായ നടിയോട് സുനിക്ക് വൈരാഗ്യമുണ്ടായിരുന്നില്ലെന്നും നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയാണെന്ന് സുനി പറഞ്ഞിരുന്നുവെന്നും ശോഭന വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന്‌ അന്വേഷണ സംഘം ചോദിച്ചു. കേസില്‍ ഇപ്പോഴും പുറത്തുവരാത്ത വിഐപി, മാഡം എന്നിവരെക്കിറിച്ചും സുനിയോട്‌ ചോദിച്ചു. സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.