ഫോണ്‍ കൈമാറണം, സഹകരിച്ചില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളും; ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

0
75

ഗൂഢാലോചനാ കേസിൽ നടൻ ദിലീപിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ അഭിഭാഷകന് കൈമാറിയത് തെറ്റാണെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിന് അനിവാര്യമായ തെളിവായ മൊബൈൽ ഫോൺ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ചോദിച്ചു. ഫോണ്‍ അന്വേഷണത്തിന് അനിവാര്യമാണെന്നും ഇത് എന്തുകൊണ്ട് കൈമാറിയില്ലെന്നും കോടതി ആരാഞ്ഞു. ഫോണ്‍ കൈമാറാന്‍ ആശങ്ക എന്തിനാണെന്നും കോടതി ചോദിച്ചു. ദിലീപിന്റെ ഫോണില്‍ അദ്ദേഹത്തിന്റെ തന്നെ സൈബര്‍ വിദഗ്ധന്‍ തിരിമറി നടത്തിയാല്‍ എന്തുചെയ്യും. ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധിച്ചില്ലെങ്കില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഫോണ്‍ കൈമാറിക്കൂടെയെന്നും കോടതി ആരാഞ്ഞു. അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.
പൊലീസ് ചോദിച്ച ഫോണുകൾ വധഭീഷണി കേസുമായി ബന്ധമില്ലാത്തതാണെന്ന് ദിലീപിന്റെ അഭിഭാഷകൻ മറുപടി നൽകി. ​ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണല്ല അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. 2016ലോ 2017 ലോ ഉപയോഗിച്ച ഫോണ്‍ അല്ല ഇതെന്നും ഗൂഢാലോചന കേസില്‍ ഉപയോഗിച്ചിട്ടില്ലെന്നും ആ ഫോണിലുള്ള മുഴുവന്‍ തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കനാണ് ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് കൈമാറിയത്. പ്രോസിക്യൂഷന്‍ പറയുന്നതില്‍ കാര്യമില്ലെന്നും ലഭിക്കുന്ന വിവരങ്ങള്‍ കോടതിയ്ക്ക് കൈമാറാമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.