സ്ത്രീസുരക്ഷക്കായി ‘കാവല്‍’, ‘കവചം ‘; ലഘുചിത്രങ്ങൾ പുറത്തിറക്കി

0
46

സ്ത്രീസുരക്ഷ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കേരള പൊലീസ് തയ്യാറാക്കിയ ‘കാവല്‍’, ‘കവചം ‘ എന്നീ രണ്ട് ലഘുചിത്രങ്ങളുടെ പ്രകാശനം സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിർവഹിച്ചു. പൊലീസ് ആസ്ഥാനത്ത് ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഐ ജി നാഗരാജു ചക്കിലം എന്നിവരും മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ലഘുചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച കലാകാരന്‍മാരും പങ്കെടുത്തു.

അതിക്രമങ്ങളില്‍ നിന്ന് രക്ഷ നേടാൻ സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കാൻ കൊച്ചി സിറ്റി പൊലീസാണ് വനിതാ സ്വയം പ്രതിരോധ തന്ത്രങ്ങള്‍ ഉള്‍ക്കൊളളിച്ച്‌ ലഘുചിത്രങ്ങള്‍ തയ്യാറാക്കിയത്. പൊലീസും നിർഭയ വളണ്ടിയർമാരും പഠിപ്പിക്കുന്ന സ്വയം പ്രതിരോധ പാഠങ്ങളാണ് ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. സ്വയം പ്രതിരോധ പാഠങ്ങള്‍ സ്വായത്തമാക്കാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

എറണാകുളം മെട്രോ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ അനന്തലാല്‍ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ പി ഡോങ്ക്രെയുടേതാണ് ആശയം. ഐ ജി നാഗരാജുവാണ് ഏകോപനം. സുഗുണന്‍ ചൂര്‍ണ്ണിക്കര, ഡോ. മധു വാസുദേവ് എന്നിവരാണ് ഗാനരചന. ഗോപിസുന്ദര്‍, റ്വിഥിക് ചന്ദ് എന്നിവര്‍ ഈണം നല്‍കി. ക്രിസ്റ്റ കലാജ്യോതി, ആതിര ജനകന്‍, അരുണ്‍ അശോക്, സായന്ത് എസ്, ശ്യാം പ്രസാദ്, സയനോര എന്നിവരാണ് ഗായകർ.

കേരള പൊലീസ്, സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ എന്നിവയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജുകളില്‍ പ്രകാശനം ചെയ്ത ലഘുചിത്രങ്ങള്‍ പ്രശസ്ത സിനിമാതാരങ്ങളായ മമ്മൂട്ടി, നിമിഷ സജയന്‍ എന്നിവരുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജുകളിലും തത്സമയം പ്രകാശനം ചെയ്തു.