മാസ്‌കിടാതെ അമിത്ഷാ; കേസ് എടുക്കാത്തതിൽ വ്യാപക വിമർശനം

0
55

യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാസ്‌കിടാതെ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയരുന്നു. മാസ്‌കിട്ട് പ്രചാരണം നടത്തിയ കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗലിനെതിരെ കേസെടുത്ത അധികാരികൾ എന്തു കൊണ്ടാണ് അമിത് ഷാക്ക് നേരെ കണ്ണടക്കുന്നത് എന്നാണ് ഉയർന്നുവരുന്ന പ്രധാന ചോദ്യം.

ഗൗതം ബുദ്ധനഗറിലെ ദാദ്രി, ബ്രാജ് മേഖലയിൽ ബിജെപി സ്‌ഥാനാർഥികൾക്കു വേണ്ടി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ വീടുകൾതോറും കയറിയിറങ്ങി പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ അദ്ദേഹം പങ്കുവച്ചിരുന്നു. നിരവധി ആളുകൾക്കൊപ്പം നിൽക്കുന്ന അമിത്ഷാ ഒരു ചിത്രത്തിലും മാസ്‌ക് ധരിച്ചിട്ടില്ല.

കൂടാതെ ബുലന്ദ്ഷഹർ, ഗൗതംബുദ്ധനഗർ ജില്ലകളിലെ പാർട്ടി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്‌ചയിലും അമിത്ഷാക്ക് മാസ്‌കില്ല.

നേരത്തെ നോയ്ഡയിൽ പ്രചാരണം നടത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാരോപിച്ച് പോലീസ് കേസെടുത്തിരുന്നു. മാസ്‌ക് ധരിച്ചാണ് ബാഗൽ പ്രചാരണത്തിന് ഇറങ്ങിയിരുന്നത്. അതേസമയം കോവിഡ് പ്രോട്ടോകോളുകൾ കാറ്റിൽ പറത്തി വൻ ജനാവലിയുടെ അകമ്പടിയോടെ പ്രചാരണം നടത്തിയ അമിത്ഷാക്കെതിരെ പോലീസ് കണ്ണടക്കുകയാണ്.

കോവിഡ് സാഹചര്യത്തിൽ വീടുകൾ കയറിയുള്ള പ്രചാരണത്തിൽ പത്തു പേരിൽ കൂടുതൽ ആളു പാടില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. റോഡ് ഷോ, പദയാത്ര, ബൈക്ക്- സൈക്കിൾ റാലി തുടങ്ങിയവക്കും വിലക്കുണ്ട്. എന്നാൽ കോവിഡ് വ്യാപനവും ഒമൈക്രോൺ ഭീഷണിയും അതീവഗുരുതരമായ സാഹചര്യത്തിലൂടെ രാജ്യത്തെ നയിക്കുമ്പോഴാണ് സമൂഹത്തിന് മുഴുവൻ ബാധകമായ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്, ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ പൊതുവേദികളിലും പ്രചാരണ പരിപാടികളിലും എത്തുന്നത്.

ജനുവരി 22ന് ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ അമിത്ഷാ പങ്കെടുത്തതും കോവിഡ് പ്രോട്ടോകോൾ സമ്പൂർണമായി ലംഘിച്ചുകൊണ്ടായിരുന്നു. രാജ്യത്തെ റിപ്പബ്ളിക് ദിനാഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്ന വേദിയിലാണ് അമിത്ഷാ കോവിഡ് പ്രോട്ടോകോൾ ഭാഗമായ മാസ്‌ക് ധരിക്കാതെ എത്തിയത്.