ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തി ക്രൈംബ്രാഞ്ച്, ഓഡിയോ ക്ലിപ്പ് കോടതിയിൽ സമർപ്പിച്ചു

0
40

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിലെ പ്രതി ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ തെളിവ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.

അതിനിടെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ 11 മണിക്ക് കേസ് പരിഗണിക്കും. കേസിൽ ദിലീപിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞിട്ടുണ്ട്. അറസ്റ്റില്‍ നിന്ന് ദിലീപിന് കൊടുക്കുന്ന സംരക്ഷണം അന്വേഷണത്തെ ബാധിക്കുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഫോണ്‍ കൈമാറണമെന്നും കോടതി പറഞ്ഞു.

ദിലീപ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ബുധനാഴ്ചവരെ നീട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ന് രാവിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ചേംബറില്‍ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം. കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും പ്രധാന തെളിവ് ആയ മൊബൈല്‍ ഫോണ്‍ ഹാജരാക്കിയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.