തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്‌റ്റിൽ

0
73

ആറ്റിങ്ങലിൽ മാദ്ധ്യമ പ്രവർത്തകക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച യുവാവ് അറസ്‌റ്റിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻവീട്ടിൽ അച്ചുകൃഷ്‌ണ (21)യാണ് അറസ്‌റ്റിലായത്‌. ബുധനാഴ്‌ച രാത്രി 8.30ഓടെ മുൻസിപ്പൽ സ്‌റ്റാൻഡിന് സമീപം പാലസ് റോഡിലായിരുന്നു സംഭവം.

കടയ്‌ക്കാവൂർ സ്വദേശിനിയായ മാദ്ധ്യമ പ്രവർത്തക വീട്ടിലേക്ക് മടങ്ങാൻ ബസ് സ്‌റ്റാൻഡിന് സമീപം ബന്ധുവിനെ കാത്തുനിൽക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രതി ശബ്‌ദമുണ്ടാക്കി ശ്രദ്ധ തിരിച്ച ശേഷം മൊബൈലിൽ അശ്‌ളീല ദൃശ്യം കാണിക്കുകയായിരുന്നു. തുടർന്ന്, യുവതി ബഹളമുണ്ടാക്കിയപ്പോൾ ഇയാൾ ഓടി.

ഇത് കണ്ട നാട്ടുകാർ പ്രതിയെ പിടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും ഇയാൾ ഉടുമുണ്ട് അഴിച്ചെറിഞ്ഞ ശേഷം ഓടിരക്ഷപെട്ടു. പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് വ്യാഴാഴ്‌ച വൈകുന്നേരം മാമത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആനപ്പാപ്പാന്റെ സഹായിയായി ജോലി ചെയ്യുന്നയാളാണ് അറസ്‌റ്റിലായ അച്ചുകൃഷ്‌ണ. തിരുവാറാട്ടുകാവിലും ഇയാൾ ജോലി ചെയ്‌തിരുന്നതായി പോലീസ് പറഞ്ഞു. സിഐ ഡി മിഥുന്റെ നേതൃത്വത്തിൽ അറസ്‌റ്റ്‌ ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി.