Thursday
1 January 2026
26.8 C
Kerala
HomeIndiaകച്ചവടം പൂർത്തിയായി; എയർ ഇന്ത്യ ടാറ്റയ്‌ക്ക്‌ കൈമാറി

കച്ചവടം പൂർത്തിയായി; എയർ ഇന്ത്യ ടാറ്റയ്‌ക്ക്‌ കൈമാറി

വ്യോമയാനമേഖലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയെ ഔദ്യോഗികമായി ടാറ്റ ഏറ്റെടുത്തു. ടാറ്റ സൺസ്‌ ചെയർമാൻ എൻ ചന്ദ്രശേഖർ ഏറ്റെടുക്കലിന്‌ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇതിന്‌ പിന്നാലെ കമ്പനിയുടെ ഡയറക്‌ടേഴ്‌സ്‌ ബോർഡിൽ നിന്ന്‌ സർക്കാർ പ്രതിനിധികൾ രാജിവച്ചു. പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേറ്റു. ഇതോടെ എയർ ഇന്ത്യ പൂർണമായി സ്വകാര്യ വിമാന കമ്പനിയായി.

കേന്ദ്രസർക്കാർ കഴിഞ്ഞ ഒക്‌ടോബറിലാണ്‌ 18,000 കോടി രൂപയ്‌ക്ക്‌ എയർ ഇന്ത്യ ടാറ്റയ്‌ക്ക്‌ വിറ്റത്‌. 100 ശതമാനം ഓഹരിയും ടാറ്റ സൺസിന്‌ കൈമാറാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിക്കുകയായിരുന്നു. എയർ ഇന്ത്യയുടെ കടം ടാറ്റ ഏറ്റെടുക്കുന്നുവെന്ന പേരിൽ നടന്ന കച്ചവടത്തിൽ കമ്പനിയുടെ 15,300 കോടി രൂപ തട്ടിക്കിഴിച്ചശേഷം 2,700 കോടി മാത്രമാണ്‌ സർക്കാരിന്‌ പണമായി ലഭിച്ചത്‌.

താരതമ്യേന കുറഞ്ഞ നിരക്കിൽ സർവീസ്‌ നടത്തുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസും ഗ്രൗണ്ട്‌ ഹാൻഡ്‌ലിങ്‌ കമ്പനിയായ എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയും ഏറ്റെടുക്കലിലൂടെ ടാറ്റയ്‌ക്ക്‌ ലഭിക്കും. സ്ഥലവും കെട്ടിടങ്ങളുമടക്കം എയർ ഇന്ത്യയുടെ 14,718 കോടിരൂപയുടെ ആസ്‌തി കേന്ദ്രസർക്കാർ രൂപീകരിച്ച എയർ ഇന്ത്യ അസറ്റ്‌ ഹോൾഡിങ്‌ കമ്പനിയ്‌ക്കാണ്‌.

RELATED ARTICLES

Most Popular

Recent Comments