തലശ്ശേരി സ്റ്റേഡിയത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ഡോ. ഹെർമൻ ഗുണ്ടർട്ട് പാർക്കിന് ഇനി പുതിയ മുഖം. മലയാളത്തിന്റെ മധുരവും മഹത്വവും മലയാളിയെ ബോധ്യപ്പെടുത്തിയ മഹാൻ ഡോ. ഹെർമൻ ഗുണ്ടർട്ട് പാർക്ക് ഇനി മുതൽ അക്ഷരസ്നേഹികൾക്കായി വഴിമാറുകയാണ്. ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിന്റെ കർത്താവായ ഗുണ്ടർട്ടിന്റെ സ്മാരകമായി തലശ്ശേരിയിൽ നഗരസഭ നിർമിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട് പാർക്ക് 2000 ആഗസ്റ്റ് 10ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ജീവൻ തോമസാണ് ഗുണ്ടർട്ടിന്റെ പൂർണമായ പ്രതിമ നിർമിച്ചത്. ഈ പാർക്ക് പലപ്പോഴും അവഗണിക്കപ്പെട്ട നിലയിലായിരുന്നു.
ആളുകളെ ആകർഷിക്കുംവിധം പാർക്കിന് പുത്തനുണർവ് കൈവരുത്താനാണ് ഇവിടെ വായന സൗകര്യവും ഏർപ്പെടുത്തുന്നത്. തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥിനികളാണ് പാർക്ക് കഴിഞ്ഞ ദിവസം ശുചീകരിച്ചത്. ആളുകൾക്ക് വായനക്കായി ഇരിപ്പിടവും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. മലയാള ഭാഷയെ ശ്രേഷ്ഠഭാഷയാക്കി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണ അദ്ദേഹത്തിന്റെ കർമമണ്ഡലമായ തലശ്ശേരിയിൽ എക്കാലവും നിലനിൽക്കണമെന്ന വിദ്യാർഥികളുടെ ആശയമാണ് പാർക്ക് വായനയുടെ നിറകുടമാക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ളത്.
അക്ഷരസ്നേഹികൾക്ക് ആവശ്യമുള്ള പുസ്തകങ്ങളും പത്രങ്ങളും ഇഷ്ടാനുസരണം വായിക്കാൻ പാർക്കിൽ സംവിധാനമൊരുക്കും. വായനക്കാർ സ്വയം ലൈബ്രേറിയനാകുന്ന പുത്തൻ രീതിയാണ് നഗരസഭ ഇതുവഴി നടപ്പാക്കുന്നത്. അക്ഷരപ്പാർക്ക് വിജയകരമാക്കുന്നതിന് മുഴുവൻ അക്ഷരസ്നേഹികളും കൈകോർക്കണമെന്ന് സംഘാടകർ
അഭ്യർഥിച്ചു