കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, തലമുടി മുറിച്ച്, മുഖത്ത് കറുത്ത ചായം പൂശി, പരസ്യമായി ആൾക്കൂട്ട ആക്രമണത്തിനിരയാക്കി സ്ത്രീകള്‍. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിലാണ് ബലാത്സംഗത്തിനിരയായ 20 വയസുകാരി ഒരു കൂട്ടം സ്ത്രീകളുടെ ആക്രമണത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
നൂറുകണക്കിന് സ്ത്രീകളുടെ നേതൃത്വത്തിലാണ് പെൺകുട്ടിയെ അതിക്രൂരമായി ആക്രമിച്ചത്. യുവതിയെ അപമാനിക്കുന്നത് നോക്കിനിന്ന ആൾക്കൂട്ടം ആക്രമത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കസ്തൂര്‍ബാ നഗറില്‍ അനധികൃതമായി മദ്യവിൽപ്പന നടത്തുന്നയാളുകൾ സംഘം ചേർന്ന് യുവതിയെ പീഡിപ്പിച്ചതാണ് സംഭവമെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. അനധികൃത മദ്യ വില്പനക്കാര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്നും ചെരിപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചുവെന്നും അവർ ട്വീറ്റ് ചെയ്തു.
कस्तूरबा नगर में 20 साल की लड़की का अवैध शराब बेचने वालों द्वारा गैंगरेप किया गया, उसे गंजा कर, चप्पल की माला पहना पूरे इलाक़े में मुँह काला करके घुमाया। मैं दिल्ली पुलिस को नोटिस जारी कर रही हूँ। सब अपराधी आदमी औरतों को अरेस्ट किया जाए और लड़की और उसके परिवार को सुरक्षा दी जाए। pic.twitter.com/4ExXufDaO3
— Swati Maliwal (@SwatiJaiHind) January 27, 2022
ഡല്‍ഹി പൊലീസിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. എല്ലാ കുറ്റവാളികളും പുരുഷന്മാരെയും സ്ത്രീകളെയും അറസ്റ്റ് ചെയ്യണം, പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും സുരക്ഷ നൽകണമെന്നും സ്വാതി മലിവാള്‍ ട്വീറ്റിൽ ആവശ്യപ്പെട്ടു. എന്നാൽ, സംഭവത്തിനുപിന്നിൽ വ്യക്തിവിരോധമെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ഒരു ആണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി മര്‍ദിച്ചതെന്നാണ് പൊലീസ് വാദം.
യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം പീഡനത്തിനിരയായ യുവതിയാണെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. യുവാവിന്റെ അമ്മാവനാണ് 20-കാരിയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സമൂഹമധ്യത്തിൽ അപമാനിക്കാൻ മുന്നിൽ നിന്നതെന്നും ഇയാളെ തിരിച്ചറിഞ്ഞു. ഇരയ്ക്ക് സാധ്യമായ എല്ലാ സഹായവും കൗണ്‍സിലിംഗും നൽകുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.