ലോകായുക്ത; ‘ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല, വി ഡി സതീശന് മറുപടിയുമായി പി രാജീവ്

0
59

ലോകായുക്ത ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി നിയമമന്ത്രി പി രാജീവ്. പ്രതിപക്ഷനേതാവ് പറഞ്ഞ കാര്യം നിയമവുമായി ചേർന്ന് നിൽക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ നിലപാട് ഭരണഘടനയായോ ലോകായുക്ത നിയമവുമായി ചേര്‍ന്ന് നില്‍ക്കുന്നതോ അല്ല.

14,12 വകുപ്പുകള്‍ പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നു. ഹൈക്കോടതി വിധികള്‍ വകുപ്പ് 12 നെ മാത്രം പരാമര്‍ശിക്കുന്നതല്ല. പ്രതിപക്ഷനേതാവ് വിധി പൂർണമായും വായിച്ച് കാണാൻ വഴിയില്ല. ലോകായുക്തയ്ക്ക് ഭണഘടന സംവിധനങ്ങളെ നീക്കം ചെയ്യാൻ അധികാരമില്ല. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നുമാണ് നിയമമന്ത്രിയുടെ വിശദീകരണം. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടന്‍ ചേരാത്തതുകൊണ്ടാണ് ഓര്‍ഡിനന്‍സാക്കിയത്. മന്ത്രിസഭ പരിശോധിച്ചെടുത്ത തീരുമാനമാണ് ഓര്‍ഡിനന്‍സെന്നും പി രാജീവ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ കേസെങ്കിൽ ഗവര്‍ണര്‍ക്കും മന്ത്രിമാ‍ർക്കെതിരായ കേസാണെങ്കിൽ മുഖ്യമന്ത്രിക്കും തീരുമാനമെടുക്കാം. അതായത് പൊതുപ്രവർത്തകർക്കെതിരായ പരാതിയിൽ ജുഡീഷ്യല്‍ നടപടികളിലൂടെ വരുന്ന ഉത്തരവിനെ പൊതുപ്രവർത്തകർക്ക് തന്നെ തള്ളാം. എന്നാല്‍ ഹൈക്കോടതി ചോദ്യം ചെയ്തത് ലോകായുക്ത നിയമത്തിലെ സെക്ഷൻ 12 ആണെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.

ഓർഡിനൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നാളെ ഗവർണറെ കാണാനിരിക്കെ രാജ്ഭവന്‍റെ തീരുമാനം ഇനി പ്രധാനമാണ്. കഴിഞ്ഞ ദിവസം നിയമമന്ത്രി നേരിട്ടെത്തി ഗവർണറോട് ഓർഡിനൻസ് വിശദീകരിച്ചെങ്കിലും ഗവർണര്‍ കൂടുതൽ പരിശോധന നടത്താനാണ് സാധ്യത.