ഇരയെ വിവാഹം കഴിച്ചാലും പീഡനക്കുറ്റം നിലനിൽക്കും; പ്രതിക്ക് 27 വർഷം കഠിന തടവ്

0
37

പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നാകുളം അതിവേഗ സ്‌പെഷ്യൽ പോക്സോ കോടതിയുടേതാണ് ഉത്തരവ്. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടിൽ ജലീലിനെ (40)യാണ് കോടതി കുറ്റക്കാരാനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

ഇരയെ വിവാഹം കഴിച്ചതിനാൽ പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് പ്രതിയുടെ വാദം കോടതി തള്ളി. 2013 ഓഗസ്‌റ്റിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. വിവാഹ വാഗ്‌ദാനം നൽകിയായിരുന്നു പീഡനം. ഗര്ഭിണിയായതോടെ ഇയാൾ വാക്കുമാറി. ഗർഭഛിദ്രം നടത്താമെങ്കിൽ വിവാഹം കഴിക്കാമെന്ന് പെൺകുട്ടിയെ വിശ്വസിപ്പിച്ചു. ഗർഭഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാൻ ഇയാൾ തയ്യാറായില്ല. ഇതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.

ജലീലിനെ അറസ്‌റ്റ്‌ ചെയ്‌തതോടെ ബന്ധുക്കൾ ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമെന്ന് കരാർ വ്യവസ്‌ഥയുണ്ടാക്കി. ജാമ്യം ലഭിച്ചപ്പോൾ ഇരയെ പള്ളിയിൽ വെച്ച് മതനിയമ പ്രകാരം വിവാഹം കഴിച്ചതായി ഇയാൾ രേഖയുണ്ടാക്കി. തുടർന്ന് ഇയാൾ വിദേശത്തേക്ക് കടന്ന് കളയുകയായിരുന്നു. 2020ലാണ് ഇയാൾ തിരിച്ചെത്തിയത്. ഉടൻ തന്നെ പിടിയിലാവുകയും ചെയ്‌തു. ചാവക്കാട് ഇൻസ്‌പെക്‌ടർ ആയിരുന്ന കെജി സുരേഷ്, സിബിച്ചൻ തോമസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.