കൂട്ടുപുഴ-എരഞ്ഞോളി പാലങ്ങൾ ജനുവരി 31ന് തുറക്കും

0
34

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി-വളവുപാറ റോഡിന്‍റെ ഭാഗമായ എരഞ്ഞോളി പാലവും കളറോഡ്-വളവുപാറ റോഡിന്‍റെ ഭാഗമായ കൂട്ടുപുഴ പാലവും ജനുവരി 31 ന് തുറന്നുകൊടുക്കും. പാലങ്ങളുടെ അവസാനഘട്ട പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നു.

എരഞ്ഞോളി പാലം ജീര്‍ണ്ണാവസ്ഥയിലായതിനെ തുടര്‍ന്നാണ് കെഎസ്ടിപി പദ്ധതിയുടെ ഭാഗമായി പുതിയ പാലം നിര്‍മ്മിക്കാന്‍ സർക്കാർ തീരുമാനിക്കുന്നത്. പാലം പ്രവൃത്തിയുടെ മെല്ലെപ്പോക്ക് ജനങ്ങളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് മന്ത്രി പാലം സന്ദര്‍ശിക്കുകയും വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

കേരള-കര്‍ണാടക പാതയില്‍ ഏറ്റവും പ്രധാനപ്പെട്ട പാലമാണ് കൂട്ടുപുഴയിലേത്. മൈസൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഈ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും. ഭാവിയില്‍ ഇത് കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന കണ്ണൂര്‍ – മൈസൂര്‍ ദേശീയപാതയുടെ ഭാഗമാകും. 31 ന് രാവിലെ 9 മണിക്ക് കുട്ടുപുഴ പാലവും ഉച്ചയ്ക്ക് എരഞ്ഞോളി പാലവും മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.