സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക.
ഒന്ന് മുതൽ ഒൻപത് വരെയുള്ള ഓൺലൈൻ ക്ളാസുകളുടെ നടത്തിപ്പ്, അധ്യാപകർ സ്‌കൂളിൽ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങൾ, 10,11,12 ക്ളാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ വാക്‌സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ഡിഡി, ആർഡിഡി, എഡി തലത്തിലെ ഉദ്യോഗസ്‌ഥർ യോഗത്തിൽ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റെ തീരുമാനം അനുസരിച്ച്, സംസ്‌ഥാനത്ത് ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ളാസുകൾ ജനുവരി 21 മുതൽ രണ്ടാഴ്‌ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെയാണ് നടക്കുക. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് സർക്കാർ പരിശോധിക്കും. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ക്ളസ്‌റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്‌ച വരെ അടച്ചിടാൻ പ്രിൻസിപ്പൽ/ ഹെഡ്‌മാസ്‌റ്റർക്ക് അധികാരം നൽകിയിട്ടുണ്ട്.