പൊലീസുദ്യോഗസ്ഥനെ സംഘിയാക്കാനുള്ള ബോധപൂർവ നീക്കത്തിനുപിന്നിൽ കോൺഗ്രസുകാരൻ, തെളിവുകൾ പുറത്ത്

0
79

മുൻകൂട്ടി പ്രഖ്യാപിച്ച ലോക്ഡൗൺ പരിശോധനയ്‌ക്കിടെ ന്യായമല്ലാത്ത കാര്യം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സംഘിയാക്കിയതിനുപിന്നിൽ മൗദൂദി-കോൺഗ്രസ് ഗൂഢാലോചന. കോൺഗ്രസിലെ ചില ഉന്നത നേതാക്കളുടെയും ഒപ്പം മത തീവ്രവാദികളുടെയും അറിവോടെയാണ് ഓച്ചിറയിൽ ഇന്ന് നാടകം സംഘടിപ്പിച്ചത് എന്നതും വ്യക്തം. ഇതുവരെയായും അടക്കാത്ത കായംകുളം എം എസ് എം കോളേജ് രണ്ടാഴ്ചതേയ്ക്ക് അടച്ച്‌ എന്ന് പറഞ്ഞ്‌ അവിടെ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോകുന്നതായി വ്യാജ സത്യവാങ്മൂലം നൽകുക. കാരണം ന്യായമല്ലെന്ന് കണ്ടപ്പോൾ തിരിച്ചുപോകാൻ പറഞ്ഞതിനെ വക്രീകരിച്ച് കുഴപ്പമുണ്ടാക്കുക. അതിനായി മതത്തിന്റെ ചേരുവ ചേർക്കുക, പിടിച്ചുനിൽക്കാനുള്ള കോൺഗ്രസിന്റെ എല്ലാ അടവും അതേപടിയാണ് അഫ്സൽ ഓച്ചിറയിൽ പയറ്റിയത്.
തിങ്കളാഴ്ച കോളേജ് വീണ്ടും തുറക്കുമെന്നിരിക്കെ തലേദിവസം വിവാഹത്തിന്റെ പേര് പറഞ്ഞാണ് സഹോദരിയെ കൂട്ടികൊണ്ടുവരാൻ പോയത് എന്നതും അത്ര വിശ്വസനീയമല്ല. വെള്ളിയാഴ്ച വൈകിട്ട് കായംകുളം എം എസ് എം കോളേജിൽ ക്ലാസ് കഴിഞ്ഞിരുന്നു. വിവാഹം അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കണമെങ്കിൽ ശനിയാഴ്ച തന്നെ പോകേണ്ടതല്ലേ എന്ന ചോദ്യത്തിന് ഉത്തരമില്ല. മാത്രമല്ല, കായംകുളം കോളേജ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മറ്റന്നാൾ മാത്രമേ അടക്കുകയുള്ളു.
കൃത്യമായ ആസൂത്രണത്തോടെയാണ് ഓച്ചിറയിൽ ഇക്കൂട്ടർ കുഴപ്പമുണ്ടാക്കാൻ നോക്കിയത്. അതിനുവേണ്ടി വസ്ത്രത്തെ വരെ കൂട്ടുപിടിച്ചു. പരിശോധനക്കിടയിൽ ഒരിക്കൽ പോലും പൊലീസുദ്യോഗസ്ഥൻ യാത്രക്കാരിയുടെ വേഷത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. “എന്റെ വസ്ത്രം ആണോ സാറിന്റെ പ്രശ്‌നം, ഞാന്‍ ഇട്ടിരിക്കുന്ന പര്‍ദ ആണോ സാര്‍ കാണുന്ന വ്യത്യാസം” എന്ന് ആ സ്ത്രീ അങ്ങോട്ട് ചോദിക്കുകയായിരുന്നു. കൂട്ടത്തിൽ ആ ചന്ദനക്കുറിയിട്ട ആളെ എന്തിനാ വിട്ടതെന്ന് ഇവർ ചോദിച്ചു, അതാകട്ടെ പോസ്റ്റിൽ പറഞ്ഞിട്ടുമില്ല. വളരെ അപകടകരമായ രീതിയിൽ വിഷയം വളച്ചൊടിക്കാനും ബോധപൂർവം കുഴപ്പമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അതും. തുടർന്ന് പൊലീസ് അതിക്രമം എന്ന പേരിൽ മൗദൂദി ചാനൽ വാർത്തയാക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ കോൺഗ്രസിനുവേണ്ടി സജീവമായി പ്രവർത്തിക്കുന്ന ആളാണ് അഫ്‌സല്‍ മണിയില്‍. സുധാകരനിസം എന്നാണ് അഫ്സലിന്റെ ഫേസ്ബുക്ക് കവർ ഫോട്ടോ. സുധാകരൻ ഒരു വെളിവുമില്ലാതെ വിളിച്ചുപറയുന്ന കള്ളത്തരങ്ങൾ അതേപടി ഷെയർ ചെയ്തിട്ടുമുണ്ട്. പൊലീസ് പരിശോധന നടത്തുമ്പോൾ തന്നെ സുധാകരനെ നേരിട്ട് വിളിക്കാൻ കഴിയുന്ന അടുപ്പം ഉള്ളയാളാണ് അഫ്സൽ എന്നതും അയാളുടെ പോസ്റ്റിൽ തന്നെയുണ്ട്. പോസ്റ്റിലെ പരാമർശങ്ങൾ ഇങ്ങനെ- ” കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം എല്ലാം കേട്ട ശേഷം ഫോണ്‍ വെച്ചു. അവസാന പ്രതീക്ഷ എന്ന നിലയില്‍ ഞാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ സുധാകരന്‍ എം.പിയെ വിളിച്ചു എല്ലാം വിശദമായി പറഞ്ഞു.’ടെന്‍ഷന്‍ ആവേണ്ട. ഞാന്‍ നോക്കിക്കൊളാം അഫ്‌സല്‍..’എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വെച്ചു. അഞ്ച് മിനിട്ട് കഴിഞ്ഞു മുന്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ശ്രീമതി ബിന്ദുകൃഷ്ണ എന്നെ വിളിച്ചു. ‘എസ്പിയെ വിളിച്ചു സംസാരിച്ചിട്ടുണ്ട് ഒന്നുകൊണ്ടും വിഷമിക്കേണ്ട’ എന്ന് വാക്ക് തന്നു”. തിരിച്ചു പോകേണ്ടി വരാതെയിരിക്കാന്‍നിരന്തരം ഇടപെട്ട കെ സുധാകരനും ബിന്ദു കൃഷ്ണയ്ക്കും നിരുപാധികം നന്ദി അറിയിച്ചിട്ടുമുണ്ട് ഇയാൾ.
ആര്യൻ മിത്ര എന്ന തൂലികാനാമത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിടുന്ന ഇയാളുടെ പല പോസ്റ്റുകളും വൈകൃതം നിറഞ്ഞതാണ്. കടുത്ത സുധാകര ഭക്തനായ അഫ്സൽ മതതീവ്രവാദികളുമായി അടുത്ത ബന്ധം പുലർത്തുന്ന ആൾ കൂടിയാണെന്നും വ്യക്തമാണ്. അതിന്റെ കൂടി ഭാഗമായാണ് അഫ്സലിന്റെ പോസ്റ്റ് മൗദൂദികൾ ആവേശത്തോടെ ഏറ്റെടുത്തതിനുപിന്നിൽ. സമയവും സാഹചര്യവും ഒത്തുവന്നാൽ ബിജെപിയിലേക്ക് പോകാൻ മടിയില്ലെന്ന് സുധാകരൻ പറയുമ്പോൾ, ഒത്തുകിട്ടിയാൽ മതതീവ്രവാദിയാകുമെന്ന് അഫ്സലും പറഞ്ഞുവെക്കുന്നു.
മഹാമാരി പടരാതിരിക്കാൻ പൊരിവെയിലത്ത് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെ അപമാനിക്കാനുള്ള നീക്കത്തിന്റെ കൂടി ഭാഗമായിരുന്നു ഈ നാടകം. വാഹന പരിശോധനക്കായി കൈ കാട്ടിയപ്പോൾ തന്നെ കാറിലുണ്ടായിരുന്ന സ്ത്രീയും അഫ്‌സലും പോലീസുകാരോട് തട്ടിക്കയറുകയായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവരും സാക്ഷ്യപ്പെടുത്തുന്നു. കാര്യങ്ങളെ സത്യസന്ധമായി കാണുകയും പരിഹരിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് ഓച്ചിറ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ വിനോദ് എന്ന് നാട്ടുകാരും പറയുന്നു. തങ്ങൾക്ക് ഹിതകരമല്ലാത്ത നടപടിയെടുക്കുമ്പോൾ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും ചാപ്പ കുത്താനും അതുവഴി സർക്കാർ വിരുദ്ധവികാരം വളർത്താനുമാണ് മൗദൂദി-കോൺഗ്രസ് കൂട്ടുകെട്ട് ഓച്ചിറയിലും പയറ്റിയത്. എന്നാൽ, സംഗതി വേണ്ടത്ര കലങ്ങിയില്ലെന്ന് മാത്രമല്ല, തിരിച്ചടിയാകുകയും ചെയ്തു.