പാലക്കാട് അകത്തേത്തറ ഉമ്മിണിയിലെ പാറമടയ്ക്ക്സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. ശനിയാഴ്ച പകലാണ് പാറമടയിലെ ജലസംഭരണിക്കു സമീപം വലുതും ചെറുതുമായ പുലികളുടെ കാൽപ്പാടുകൾ കണ്ടത്. വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. പുലിസാന്നിധ്യം ഉണ്ടാകാനിടയുള്ള സ്ഥലമായതിനാൽ ക്യാമറ സ്ഥാപിച്ചു. പാറമടയിലേക്ക് ഇവിടെനിന്ന് ചെറിയ ദൂരം മാത്രമേയുള്ളു. ഇതുവഴിയാകണം പുലിയെത്തിയതെന്ന് സംശയിക്കുന്നു. രണ്ടുദിവസം മുമ്പ് വൃന്ദാവൻ നഗറിൽ പകൽസമയത്ത് പുലിയിറങ്ങിയിരുന്നു. നായയെ ആക്രമിച്ച ഇവിടെ കെണിക്കൂടും ക്യാമറയും സ്ഥാപിച്ചു. ഈമാസം ഒമ്പതിനാണ് ഇവിടെ പുലിസാന്നിധ്യം സ്ഥിരീകരിച്ചത്.
ഉമ്മിണിയിലെ ആളൊഴിഞ്ഞ വീട്ടിൽ അമ്മപ്പുലി പ്രസവിച്ച രണ്ടു കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. പിന്നീട് പുലിക്കുഞ്ഞുങ്ങളിലൊന്നിനെ തള്ളപ്പുലി കൊണ്ടുപോയി. അവശേഷിക്കുന്ന കുഞ്ഞിനെ തൃശൂർ വടക്കാഞ്ചേരി അകമലയിലെ വനം വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റിയിട്ടുണ്ട്.