നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യാൻ തുടങ്ങി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം രാവിലെ ഒമ്പത് മണിക്ക് തന്നെ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി.
ചോദ്യം ചെയ്യുന്നത് മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തുന്നുണ്ട്.
ആദ്യഘട്ടത്തിൽ ഓരോ പ്രതികളെയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്. ദിലീപിന്റെ ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ചോദ്യം ചെയ്യാൻ തുടങ്ങി. മൂന്നുദിവസങ്ങളിലായി 33 മണിക്കൂര്‍ ദിലീപിനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യാനാണ് കോടതി ഉത്തരവ്. രാത്രി എട്ടുവരെ ചോദ്യംചെയ്യാം. ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷന്‍ വ്യാഴാഴ്ച മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ നല്‍കണമെന്നും ജസ്റ്റിസ് പി ഗോപിനാഥിന്റെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.
സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ബന്ധുവായ അപ്പു എന്നിവരാണ് മറ്റ് പ്രതികള്‍. ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവുണ്ട്. എല്ലാ തരത്തിലും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസമുണ്ടായാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കുറ്റകൃത്യം സംബന്ധിച്ച് ലഭിച്ച തെളിവുകൾ പരിശോധിക്കേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ടി എ ഷാജിയുടെ വാദം കണക്കിലെടുത്തായിരുന്നു കോടതി നടപടി.