“ദൈവത്തിനാണെ സത്യം, ജയിച്ചാൽ ഞാൻ ബിജെപിയിൽ പോകില്ല”, ഗോവയിൽ അറ്റകൈ പ്രയോഗവുമായി കോൺഗ്രസ്

0
101

 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഗോവയിൽ സ്ഥാനാര്‍ഥികള്‍ കൂറുമാറാതിരിക്കാന്‍ ആരാധനാലയങ്ങളിലെത്തിച്ച്‌ സത്യപ്രതിജ്ഞയെടുപ്പിച്ച് കോണ്‍ഗ്രസ്. ഇതിനകം പ്രഖ്യാപിച്ച 36 സ്ഥാനാര്‍ഥികളെക്കൊണ്ടാണ് വിവിധ ആരാധനാലയങ്ങളിൽ എത്തിച്ച് ദൈവത്തിന്റെ പേരിൽ സത്യപ്രതിജ്ഞയെടുപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ബിജെപിയിലേക്കോ തൃണമൂലിലേക്കോ കൂറുമാറില്ലെന്നും 36 പേരെക്കൊണ്ടും സത്യമിടുവിച്ചു. ഗോവയിലെ കോൺഗ്രസ് സംസ്ഥാന നേതൃത്വം മുൻകൈയെടുപ്പിച്ചാണ് ആരാധനാലയങ്ങളിലെ പുരോഹിതരുടെ സാന്നിധ്യത്തിൽ പ്രതിജ്ഞയെടുപ്പിച്ചത്.

കോണ്‍ഗ്രസിന്റെ 36 സ്ഥാനാര്‍ഥികള്‍ ക്ഷേത്രത്തിലും ക്രിസ്ത്യന്‍ പള്ളിയിലും മുസ്ലീം പള്ളിയിലും തങ്ങളുടെ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്തു. പനജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലും എത്തിയ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അടുത്ത അഞ്ച് വർഷം കോൺഗ്രസിൽ തന്നെ തുടരുമെന്ന് ദൈവത്തെ സാക്ഷി നിർത്തി സത്യം ചെയ്തു. “ബാംബോലിം ക്രോസില്‍ വെച്ച്‌ അവിടുത്തെ പുരോഹിതന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഞങ്ങളുടെ എംഎല്‍എമാരെ വേട്ടയാടാന്‍ ഒരു പാര്‍ട്ടിയെയും അനുവദിക്കില്ല. ദൈവത്തെ ഭയപ്പെടുന്ന ആളുകളാണ് ഞങ്ങള്‍. സര്‍വ്വശക്തനില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. അതിനാല്‍, ഇന്ന് ഞങ്ങള്‍ കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തു” – മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമായ ദിഗംബര്‍ കാമത്ത് പറഞ്ഞു. ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, ദിനേശ് ഗുണ്ടറാവു, ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിജ്ഞയെടുക്കല്‍. ഫെബ്രുവരി 14-നാണ് ഗോവയില്‍ തിരഞ്ഞെടുപ്പ്.

2017-ലെ നിയമഭാ തിരഞ്ഞെടുപ്പില്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയതോടെ ബിജെപി ഭരണത്തിലേറി. 17 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസ് അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ രണ്ട് പേര്‍ മാത്രമായി കുറ്റിയറ്റു. ഇതുണ്ടാകാതിരിക്കാനാണ് അറ്റകൈ പ്രയോഗം എന്ന നിലയിൽ സ്ഥാനാർത്ഥികളെക്കൊണ്ട് ദൈവസാന്നിധ്യത്തിൽ സത്യപ്രതിജ്ഞയെടുപ്പിച്ചത്.