ഇന്ന്‌ സമ്പൂർണ അടച്ചിടൽ ; അവശ്യ സർവീസുകൾക്ക് രേഖകൾ നിർബന്ധം

0
53

കോവിഡ്‌ ഉയരുന്ന പശ്‌ചാത്തലത്തിൽ ജില്ലയിലും കടുത്ത നിയന്ത്രണങ്ങൾ. അടച്ചുപൂട്ടലിനുസമാനമായ നിയന്ത്രണങ്ങൾ ശനി അർധരാത്രി നിലവിൽവന്നു. അത്യാവശ്യയാത്രകൾ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കൈയിൽ കരുതണം. കെഎസ്ആർടിസിയും അത്യാവശ്യ സർവീസുകൾമാത്രമേ നടത്തൂ.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിൽ ഉൾപ്പെട്ടതുമായ കേന്ദ്ര–സംസ്ഥാന, അർധസർക്കാർ സ്ഥാപനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങൾ, ടെലികോം–ഇന്റർനെറ്റ് കമ്പനികൾ എന്നിവയ്ക്ക്‌ നിയന്ത്രണങ്ങൾ ബാധകമല്ല. മാധ്യമസ്ഥാപനങ്ങൾ, ആംബുലൻസ്‌ സർവീസുകൾ എന്നിവയ്‌ക്കും നിയന്ത്രണം ബാധകമല്ല. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡ്‌ കൈയിൽ കരുതണം.

പഴം, പച്ചക്കറി, പലചരക്ക്, പാൽ, മീൻ, മാംസം എന്നീ കടകൾ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ തുറക്കാം. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സൽ സർവീസ്‌ മാത്രമേ അനുവദിക്കൂ. രോഗികൾ, കൂട്ടിരിപ്പുകാർ, വാക്‌സിൻ എടുക്കാൻ പോകുന്നവർ, പരീക്ഷകളുള്ള വിദ്യാർഥികൾ, റെയിൽവേ സ്റ്റേഷൻ–- വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവർ, മുൻകൂട്ടി ബുക്ക്‌ ചെയ്ത് ടൂറിസം കേന്ദ്രങ്ങളിൽ എത്തിയവർ എന്നിവർ കൃത്യമായ രേഖകൾ കൈയിൽ കരുതണം.

മുൻകൂട്ടി നിശ്‌ചയിച്ച സ്വകാര്യചടങ്ങുകളിൽ 20 പേർക്ക്‌ പങ്കെടുക്കാം. അടിയന്തരസാഹചര്യത്തിൽ വർക്‌ഷോപ്പുകൾ തുറക്കാം.