“എടാ മാക്കുറ്റി.. നീ വെറും പടമാണ്, വിടുപണിക്കാരൻ, കിട്ടിയത് കാലം കാത്തുവെച്ച അടി”- സഹപ്രവർത്തകന്റെ പോസ്റ്റ് വൈറലാകുന്നു

0
41

കെ റെയിലിനെതിരെ സമരാഭാസം നടത്തുന്ന റിജില്‍ മാക്കുറ്റിയും സംഘവും സ്വന്തം പ്രവർത്തകരെ പിന്നിൽ നിന്നും അടിച്ചുവീഴ്ത്തുന്ന സംഘമാണെന്ന് കെ എസ് യു മുൻ നേതാവും സഹപ്രവർത്തകനുമായ ആൻഡേഴ്സൺ എഡ്വേര്‍ഡ്. നാലഞ്ച് ആളെ കൂട്ടി ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ ഷോ കാണിക്കാന്‍ പോയതാണ് മാക്കുറ്റി. അടിപേടിച്ച് ആള്‍മാറാട്ടം നടത്തി പാന്റ്‌സ് ഇട്ടു പോയി തല്ല് കൊണ്ടശേഷം സഹതാപം ഇരന്നുവാങ്ങുകയാണ് ഈ മാക്കുറ്റി. നേതാക്കന്മാരുടെയും കുറച്ച് കൂലിക്കാരുടെയും പിന്‍ബലമില്ലാതെ ഒറ്റയ്ക്ക് നിന്ന് അടിയ്ക്കാനും അടി കൊള്ളാനും ഉള്ള ചങ്കുറപ്പ് ഇല്ലാത്തവനാണ് റിജിലെന്നും ആൻഡേഴ്സൺ എഡ്വേര്‍ഡ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മാക്കുറ്റിയുടെ യഥാർത്ഥമുഖം ഈ പോസ്റ്റിൽ തുറന്നുകാട്ടുന്നു. പഴയ കാര്യങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഓര്‍മ്മിപ്പിക്കുന്നുണ്ട് ആൻഡേഴ്സൺ എഡ്വേര്‍ഡ്. 2018 ജനുവരി 14 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ കൂട്ടം കൂടി നില്‍ക്കെ തന്നെ പിറകില്‍ നിന്ന് അടിച്ചത് നീയൊക്കെ മറന്നെങ്കിലും താന്‍ മറന്നിട്ടില്ല.

കണ്ണൂരിൽ ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ പരിപാടി ആക്രമിച്ച് അലങ്കോലമാക്കാൻ ശ്രമിച്ച് നാട്ടുകാരുടെ കൈക്കരുത്ത് അറിഞ്ഞ റിജിലിനെ ചില കോൺഗ്രസ് നേതാക്കൾ വാഴ്ത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ആൻഡേഴ്സൺ എഡ്വേര്‍ഡിന്റെ പ്രതികരണം. കാലം കാത്ത് വച്ച് തന്നതാണ് അവിടെ കിട്ടിയ അടി. അടിമാലി എന്ന ബോര്‍ഡ് കണ്ടാല്‍ ഓടിയൊളിയ്ക്കുന്ന കുറേ എണ്ണത്തിനെ കൂടെ കൂട്ടി നാടകം കളിക്കാനിറങ്ങിയാല്‍ ഇനിയും ഇടി വാങ്ങി കഴിയാമെന്നും ആൻഡേഴ്സൺ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

റിജില്‍ മാക്കുറ്റിയോടാണ്, നിനക്കെന്നെ ഓര്‍മ്മയുണ്ടോ ?, നിന്നേക്കാള്‍ പാരമ്പര്യമുളള ഒരു കോണ്‍ഗ്രസ്സ് കുടുംബത്തിലെ പഴയൊരു കെ എസ് യു ക്കാരനാണ് ഞാന്‍, ഒരു നേതാവിന്റെയും അടുക്കളപ്പണി ചെയ്യാതെ വിദ്യാര്‍ത്ഥി യൂണിയന്റെയും യുവജന സംഘടനയുടെയും പ്രവര്‍ത്തകനായിരുന്നു, 2018 ജനുവരി 14 ന് പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയുടെ ഇരട്ടത്താപ്പ് തുറന്നു കാണിച്ചതിന്റെ പേരില്‍ നീയടക്കമുള്ള നെറികെട്ടവന്മാരുടെ ഗൂഢാലോചനയില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ കൂട്ടം കൂടി എന്നെ പിറകില്‍ നിന്ന് അടിച്ചത് നീയൊക്കെ മറന്നെങ്കിലും ഞാന്‍ മറന്നിട്ടില്ല. അന്ന് നീ ഫെയ്‌സ് ബുക്കില്‍ എന്നെ അവഹേളിച്ച് എഴുതിയതും മറന്നിട്ടില്ല.

ഇപ്പോള്‍ സി പി എമ്മിന്റെ കൂട്ട അടി കിട്ടിയപ്പോള്‍ നീ വീര പുരുഷനാണെന്നൊക്കെ പലരും പറയുന്നത് കേട്ടു. നാലഞ്ച് ആളെ കൂട്ടിയാണ് നീ ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ ഷോ കാണിക്കാന്‍ പോയതും അടി വാങ്ങി കൂട്ടിയതും, അത് നിനക്ക് കാലം കാത്ത് വച്ച് തന്നതാണ്. എന്നെ സെക്രട്ടറിയേറ്റിന് മുന്നിലിട്ട് പിന്നില്‍ നിന്ന് അടിച്ചപ്പോള്‍ നീ നിലവിളിച്ചത് പോലെ ഞാന്‍ വിളിച്ചില്ല, അടിപേടിച്ച് ഞാന്‍ പോലീസില്‍ അഭയം പ്രാപിച്ചതുമില്ല, അന്നും ഇന്നും ആളെ കൂട്ടി ഒരു പാര്‍ട്ടിയുടെ പിന്‍ബലത്തിലുമല്ല ജീവിയ്ക്കുന്നതും. കൂടെ ആളെ കൂട്ടി ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ വേഷം കെട്ട് കാണിക്കുന്നതല്ല ആണത്തം.

അടി കിട്ടിയപ്പോള്‍ നിന്റെ ഉശിര് എവിടെപ്പോയി, തണ്ടും തടിയും ഉണ്ടായിട്ടും തിരിച്ചടിയ്ക്കാന്‍ എന്തേ കൈ പൊങ്ങാത്തത്. നീ വെറും പടമാണ് എന്നത് പരസ്യമായി തെളിയിച്ചു. നീ പെട്ടി ചുമന്ന നേതാക്കന്മാരുടെയും കുറച്ച് കൂലിക്കാരുടെയും പിന്‍ബലമില്ലാതെ ഒറ്റയ്ക്ക് നിന്ന് അടിയ്ക്കാനും അടി കൊള്ളാനും ഉള്ള ചങ്കുറപ്പ് നിനക്കില്ല എന്നത് പരസ്യമായി തെളിഞ്ഞു. നിന്നെപ്പോലെ ഒരു വിടുപണിക്കാരന് ഇത്രയും കിട്ടിയാല്‍ പോരാ, എന്നെ ചെന്നിത്തല ഗുണ്ടകള്‍ തല്ലിയപ്പോള്‍ ഞാന്‍ പ്രതികരിക്കാതിരുന്നത് ഞാനൊരു കോണ്‍ഗ്രസ്സുകാരന്റെ മകനായതുകൊണ്ടാണ്. സ്വന്തം പാര്‍ട്ടിക്കാരെ തിരിച്ചു തല്ലി എന്ന ചീത്തപ്പേര് കേള്‍ക്കാതിരിക്കാനാണ്.

അന്ന് ഞാന്‍ തിരിച്ചു തല്ലിയിരുന്നെങ്കില്‍ നിന്റെയൊന്നും പൊടി പോലും ബാക്കിയുണ്ടാകില്ലായിരുന്നു. ഒരു കാലത്ത് എന്റെ നാട്ടിലെ കെ എസ്സ് യു വിനെയും യൂത്ത് കോണ്‍ഗ്രസ്സിനെയും വളര്‍ത്താന്‍ ഞാന്‍ അടിയും വെട്ടും കൊണ്ടും കൊടുത്തും ജീവിച്ചതാണ്, അതു കൊണ്ട് മാത്രമാണ് എന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ ഉപദ്രവിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നത്, സംശയമുണ്ടെങ്കില്‍ പഴയ നേതാക്കളോട് ഒന്ന് അന്വേഷിച്ചാല്‍ അറിയാം. അടിമാലി എന്ന ബോര്‍ഡ് കണ്ടാല്‍ ഓടിയൊളിയ്ക്കുന്ന കുറേ എണ്ണത്തിനെ കൂടെ കൂട്ടി നാടകം കളിക്കാനിറങ്ങിയാല്‍ ഇനിയും ഇടി വാങ്ങി കൂട്ടി ശിഷ്ടകാലം എണ്ണത്തോണിയില്‍ കഴിയാം. കൊടുത്താല്‍ കൊല്ലത്ത് കിട്ടും എന്നല്ല കൊല്ലങ്ങള്‍ കഴിഞ്ഞും കിട്ടും എന്നത് ഓര്‍ക്കുക. സട കൊഴിഞ്ഞ പേപ്പര്‍ സിംഹങ്ങളുടെ പിന്‍ബലമുണ്ടെന്ന് കരുതി പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ക്ക് ഇതൊരു പാഠമാകണം.

നമ്മുടെ ശരീരം നൊന്താല്‍ വേദന തിന്നാന്‍ കൂടെ പാര്‍ട്ടിയും കാണില്ല, ഒരു പട്ടിയും കാണില്ല. മൃതശരീരത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ച് ഇല്ലാ ഇല്ല മരിച്ചിട്ടില്ല എന്ന് ഉറക്കെ വിളിച്ചാല്‍ എഴുന്നേറ്റിരുന്ന് കാഴ്ച കാണാന്‍ കഴിയില്ല എന്നത് ഓര്‍ത്താല്‍ തീരാവുന്നതേയുള്ളൂ. ഏത് സമര മുഖത്തായാലും ഖദര്‍ മുണ്ടും ഷര്‍ട്ടും അണിഞ്ഞ് പൊരുതുന്നതാണ് ഹീറോയിസം, അടിപേടിച്ച് ആള്‍മാറാട്ടം നടത്തി പാന്റ്‌സ് ഇട്ടു പോയി തല്ല് കൊണ്ടശേഷം സഹതാപം ഇരന്നു വാങ്ങി ഷമ്മി ഹീറോയാടാ എന്ന് പറയുന്നത് അല്‍പ്പത്തരം എന്നല്ലാതെ എന്ത് പറയാന്‍….