കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറയും തകർത്ത ഡ്രൈവർ പിടിയിൽ, ടിപ്പറും കസ്റ്റഡിയിലെടുത്തു

0
112

കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറയും തകർത്ത സംഭവത്തിൽ ഡ്രൈവർ പിടിയിൽ. അപകടമുണ്ടാക്കിയ ടിപ്പറും പൊലീസ് കസ്റ്റഡിയിലെടുത്തു. നിർമ്മാണകമ്പനിയുടെ ഉപകരാർ ഏറ്റെടുത്ത സ്ഥാപനത്തിന്റെ വാഹനമാണ് പിടികൂടിയത്. സംഭവത്തില്‍ ചുവന്നമണ്ണ് സ്വദേശി ജിനേഷിനെയാണ് പിടികൂടിയത്. ടിപ്പറിന്റെ ബക്കറ്റ് താഴ്ത്താന്‍ മറന്നതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിനു വഴിയൊരുക്കിയത്.

പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച്‌ തുരങ്കത്തിലൂടെ കടന്നുപോകുകയായിരുന്നു. തുരങ്കത്തിന്റെ ആദ്യഭാഗത്ത്‌ 90 മീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച 104 ലൈറ്റുകള്‍, പാനലുകള്‍, പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂർണമായും തകര്‍ന്നു. പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ക്യാമറകളാണ് നശിച്ചത്. സംഭവത്തിന് ശേഷം ലോറി നിര്‍ത്താതെ പോവുകയായിരുന്നു.

ജിനേഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതേ സമയം ലൈറ്റുകള്‍ തകര്‍ന്നത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗതകുരുക്ക് കുറഞ്ഞിട്ടുണ്ട്. ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ബാരിക്കേഡ് വെച്ച്‌ അധികൃതര്‍ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.