Sunday
11 January 2026
24.8 C
Kerala
HomeKeralaമന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല; പൊതുമരാമത്ത് എഞ്ചിനീയറെ സ്‌ഥലം മാറ്റി

മന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല; പൊതുമരാമത്ത് എഞ്ചിനീയറെ സ്‌ഥലം മാറ്റി

ജില്ലയിലെ വിവിധ വകുപ്പുകളുടെ കെട്ടിടനിർമാണത്തിന്റെ പുരോഗതി സംബന്ധിച്ച മന്ത്രിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ കഴിയാതിരുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഉടൻ സ്‌ഥലംമാറ്റി. പിഡബ്ള്യുഡി കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇന്ദുരാജിനെയാണ് പാലക്കാട് ബ്രിഡ്‌ജസ് വിഭാഗത്തിലേക്ക് മാറ്റിയത്. വെള്ളിയാഴ്‌ച മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ജില്ലാ ഇൻഫ്രാസ്ട്രെക്ച്ചർ കോ-ഓർഡിനേഷൻ സമിതിയുടെ ഓൺലൈൻ യോഗത്തിലാണ് ജില്ലയിലെ കെട്ടിട നിർമാണത്തിലുള്ള കാലതാമസം ചർച്ചയായത്.

വിവിധ മണ്ഡലങ്ങളിലെ പൊതുമരാമത്ത് നിർമാണജോലികളാണ് അവലോകനം ചെയ്‌തത്. 2016ൽ കരാറുകാരനെ ഒഴിവാക്കിയ ഒരു പ്രവൃത്തി റീ-ടെൻഡർ ചെയ്യാത്തതെന്താണെന്ന് മന്ത്രി ചോദിച്ചു. കോടതിയിൽ കേസുള്ളതു കൊണ്ടാണെന്ന് എഞ്ചിനീയർ പറഞ്ഞു. കോടതിയുടെ സ്‌റ്റേയുണ്ടോ, സ്‌റ്റേയുണ്ടെങ്കിൽ മാറ്റാൻ നടപടിയെടുത്തോ എന്ന മന്ത്രിയുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല.

പല പ്രവൃത്തികളുടെയും നിലവിലെ സ്‌ഥിതി സംബന്ധിച്ച് എഞ്ചിനീയർക്ക് കൃത്യമായ വിവരങ്ങൾ നൽകാനായില്ല. ജില്ലയിലെ വിവിധ വകുപ്പുകളിലെ നിർമാണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നില്ലെന്ന് കളക്‌ടർ അഫ്‌സാന പർവീൺ ചൂണ്ടിക്കാട്ടി. എംഎൽഎമാരും ഇക്കാര്യം ഉന്നയിച്ചു. 2016ലും 2018ലും അനുമതി ലഭിച്ച പല പണികളും പൂർത്തിയായിട്ടില്ല.

ഇതിനെ തുടർന്ന് യോഗം കഴിഞ്ഞയുടൻ എഞ്ചിനീയറെ സ്‌ഥലം മാറ്റി മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിടുകയായിരുന്നു. എംഎൽഎമാരും വിവിധ വകുപ്പ് മേധാവിമാരും പങ്കെടുത്ത യോഗം നാലുമണിക്കൂറോളം നീണ്ടു. മന്ത്രി പൂർണസമയം പങ്കെടുത്തു. ഓരോ ജില്ലയിലും വർഷത്തിൽ നാല് യോഗത്തിൽ വീതം മന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

RELATED ARTICLES

Most Popular

Recent Comments