“അവിടെ ആഹാ, ഇവിടെയെങ്കിൽ ഓഹോ”, അതിവേഗ റെയിൽ പദ്ധതി: മൗദൂദി പത്രത്തിന്റെ ഇരട്ടത്താപ്പ് പുറത്ത്

0
80
  • സ്വന്തം ലേഖകൻ

കേരളത്തിലെ വികസനവിഷയത്തിൽ “നിഷ്പക്ഷ” മാധ്യമങ്ങൾ പുലർത്തുന്ന യുഡിഎഫ് ദാസ്യവും ഇരട്ടത്താപ്പും പുറത്ത്. കെ റെയിൽ പദ്ധതിക്കെതിരെ മൗദൂദി പത്രം മാധ്യമവും മലയാള മനോരമയും മാതൃഭൂമിയുമെല്ലാം ഉറഞ്ഞുതുള്ളുന്നത് കടുത്ത ഇടതുപക്ഷ വിരോധം ഒന്നുകൊണ്ടു മാത്രമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് വന്നത്. യുഎഇയിൽ നിർമ്മാണം പുരോഗമിക്കുന്ന ഇത്തിഹാദ് അതിവേഗ റെയിൽ പദ്ധതിയെപ്പറ്റി വാ തോരാതെ ഉപന്യസിക്കുകയാണ് മാധ്യമവും മനോരമയും. പദ്ധതി നടപ്പാക്കുക വഴി ഉണ്ടാകുന്ന സാമ്പത്തികവും ഒപ്പം വികസനപരമായ നേട്ടങ്ങളും ഒന്നൊഴിയാതെ വിളിച്ചുപറയുന്നുണ്ട് ഈ പത്രങ്ങൾ.

മാധ്യമത്തിന്റെ തലക്കെട്ട് “ഒരുങ്ങുന്നത് മികച്ച സജ്ജീകരണങ്ങൾ” എന്നാണ്. യുഎഇയുടെ സ്വപ്​നപദ്ധതിയായ ഇത്തിഹാദ്​ റെയിൽ പദ്ധതിയെപ്പറ്റി വാ തോരാതെ മാധ്യമം വിളിച്ചുപറയുന്നു. ട്രെയിൽ കുതിച്ചോടുക മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിലാണ്​. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തി‍െൻറ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ്​ റെയിൽ എന്നും മാധ്യമം വാർത്തയിൽ പറയുന്നു. വേഗറെയിൽ പദ്ധതി സമ്പദ് വ്യവസ്ഥക്ക് 200 മില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് മാധ്യമം പറയുന്നുണ്ട്. കേരളത്തിൽ കെ റെയിൽ പദ്ധതിക്കെതിരെ ഘോരഘോരം വെണ്ടയ്ക്ക നിരത്തുന്ന ടീമായ മൗദൂദി പത്രമാണ് ഇങ്ങനെ പറയുന്നത്. അതെന്താണ് കോയാ അതിവേഗ റെയിൽ ഗൾഫിലാകുമ്പോൾ “ആഹാ എന്നും” കേരളത്തിൽ അത്തരം പദ്ധതി നടപ്പാക്കുമ്പോൾ “അത് ഓഹോയും” ആകുന്നത്. ഉത്തരം ലളിതമാണ്. കേരളം വികസനത്തിന്റെ വഴിയിലേക്ക് നീങ്ങരുതെന്നു നിങ്ങൾക്ക് വാശിയുണ്ട്. മാത്രമല്ല, നിങ്ങളുടെ കടുത്ത കമ്യുണിസ്റ്റ് വിരോധവും മറ്റൊരു കാരണം. മാധ്യമം പത്രത്തിന്റെ ഈ വാർത്ത വായിച്ചാൽ ആരും ഒന്ന് രോമാഞ്ചമണിയും.
”വേഗം 200 കി.മീ., 400 പേർക്ക് സുഖയാത്ര” എന്ന് മനോരമ.”. സുരക്ഷിതവും വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ വേഗറെയിൽ നഗരങ്ങളെയും ജനങ്ങളെയും കൂടുതൽ അടുപ്പിക്കുമെന്ന് മനോരമ പറയുന്നുണ്ട്. വിമാനങ്ങളിലേതിന്​ സമാനമായ ആധുനിക സജ്ജീകരണങ്ങളും സാ​ങ്കേതിക സംവിധാനങ്ങളുമാണ്​ അകത്ത്​ ഒരുക്കിയിട്ടുള്ളത്​. വൈഫൈ, വിനോദ സംവിധാനങ്ങൾ, ചാർജിങ്​ പോയന്‍റ്​, ഭക്ഷണശാലകൾ തുടങ്ങി വിവിധങ്ങളായ സ്മാർട്ട്​​ സേവനങ്ങളും ഒരുക്കുന്നുണ്ട്​ എന്നൊക്കെയാണ് മനോരമയുടെ അകക്കാമ്പ്. എന്നാൽ, കേരളത്തിൽ അതൊന്നും പാടില്ല. ഇനി യു ഡി എഫ് ആയിരുന്നു പദ്ധതി നടപ്പാക്കുന്നതെങ്കിൽ “അതിവേഗ പാളമേറി കേരളം വികസനത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക്” എന്നൊക്കെ തലക്കെട്ട് കീച്ചമായിരുന്നു. ഇതിപ്പോ പിണറായി സർക്കാർ ആയിപ്പോയില്ലേ.

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് ഇത് നടന്നാല്‍ തങ്ങൾ പിന്തുണക്കുന്ന യുഡിഎഫ് രാഷ്ട്രീയം ഗതി പിടിക്കില്ല എന്നറിയാവുന്ന കൊണ്ടുതന്നെയാണ് ഈ “നിഷ്പക്ഷ മാധ്യമങ്ങൾ” പെരുംകള്ളം എഴുന്നള്ളിക്കുന്നത്. അതിനുവേണ്ടിയാണ് കടുത്ത വികസന വിരുദ്ധ നിലപാട് ഇക്കൂട്ടർ ബോധപൂർവം കൈക്കൊള്ളുന്നതും. അതിനുവേണ്ടി എത്ര തരം താഴാനും യുഡിഎഫിന് വേണ്ടി അടിമപ്പണിയെടുക്കാനും മാധ്യമവും മനോരമയും തയ്യാറാകുന്നു. അങ്ങേയറ്റം തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാർത്തകൾ ഒരേ കേന്ദ്രത്തിലിരുന്ന് ഉൽപ്പാദിപ്പിക്കുന്നു. ഇവർ പറയുന്നത് വേദവാക്യമാണെന്ന് മാധ്യമത്തിലും മനോരമയിലും ഉള്ളവർ പോലും വിശ്വസിക്കുന്നില്ല, പിന്നെയല്ലേ നാട്ടുകാർ. എന്തായാലും വികസന വിഷയത്തിൽ മാധ്യമവും മനോരമാദികളും കൈക്കൊള്ളുന്ന ജനവിരുദ്ധ നിലപാടും ഇടതുപക്ഷ വിരുദ്ധതയും മലയാളി സമൂഹം തിരിച്ചറിയുന്നുണ്ട്. അതിന്റെ തെളിവാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ തെളിയിക്കുന്നത്.