കൊവിഡ് വ്യാപനത്തെതുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം. നാളെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധനകര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രമാകും. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. നാളെ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എട്ട് ട്രെയിനുകളും റദ്ദാക്കി.
ഞായറാഴ്ച നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. സർക്കാർ ഞായറാഴ്ച അവശ്യസര്‍വീസുകള്‍ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണമാകും സര്‍വീസ് നടത്തുകയെന്നും കെഎസ്ആര്‍ടിസി എംഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.