ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട്‌ അന്തരിച്ചു

0
45

നിർധനരായ മുന്നൂറോളം പേർക്ക്‌ വീട്‌ സ്വന്തം നിലയിൽ കെട്ടിക്കൊടുത്ത കാസർകോട്‌ ബദിയഡുക്കയിലെ ജീവകാരുണ്യ പ്രവർത്തകൻ ഗോപാലകൃഷ്ണ ഭട്ടെന്ന സായിറാം ഭട്ട് (85) അന്തരിച്ചു.ബദിയഡുക്ക കിളിങ്കാർ നടുമനയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖത്തിൽ വിശ്രമത്തിലായിരുന്നു.

പാരമ്പര്യ വൈദ്യവും കൃഷിയും സാമൂഹ്യ പ്രവർത്തനവുമായി ഈയടുത്ത കാലം വരെ സജീവമായിരുന്നു. 1995ൽ കാലവർഷക്കെടുതിയിൽ വീടു തകർന്ന സീതാംഗോളിയിലെ അബ്ബാസിന്‌ വീട്‌ നിർമിച്ച്‌ നൽകിയാണ്‌ സേവന ജീവിതം ആരംഭിച്ചത്‌. കുടുംബസമേതം കാശിക്ക്‌ പോകാൻ സ്വരൂപിച്ച തുക കൊണ്ടാണ്‌ വീട്‌ പണിതത്‌. കനത്ത മഴയിൽ വീടിന്‌ മുന്നിൽ സഹായം അഭ്യർഥിച്ചാണ്‌ അബ്ബാസ്‌ എത്തിയത്‌. കാറ്റിൽ പറന്നുപോയ വീടിന്റെ മേൽക്കൂര നന്നാക്കാൻ, തോട്ടത്തിലെ കവുങ്ങ്‌ വെട്ടി നൽകണം എന്നായിരുന്നു അബ്ബാസിന്റെ അഭ്യർഥന. എന്നാൽ സായിറാം ഭട്ട്‌, വീടിന്റെ നിർമാണ ചുമതല തന്നെ ഏറ്റെടുത്ത്‌, പുതിയ വീട്‌ നിർമിച്ചു നൽകി.

പിന്നീടതൊരു തുടക്കമായി. അമ്പതാം വയസിൽ തുടങ്ങിയ സേവന ജീവിതം മുന്നുറോളം പേർക്ക്‌ തണലായി. ഗുണമേന്മ ഉറപ്പാക്കാൻ പറ്റാത്തതിനാൽ നിർമാണച്ചുമതല മറ്റാരെയും ഏല്പിക്കാതെ തൊഴിലാളികളോടൊപ്പം നിന്ന് വീട് പണിതു. കഷ്ടപ്പെടുന്നവരെ കണ്ടെത്തി ചുറ്റുപാടുകൾ മനസ്സിലാക്കിലാക്കിയായിരുയിരുന്നു ഓരോ വീടും സായിറാം നിർമിച്ച് നൽകിയത്‌. വീടിനുള്ള മരപ്പണി ഏറ്റെടുത്ത്‌ നടത്താൻ വീടിനടുത്ത്‌ തന്നെ മരനിർമാണശാലയും നടത്തി.

നിരവധി കുടിവെള്ളപദ്ധതികൾ നൂറിലധികം വീടുകളുടെ വൈദ്യുതീകരണം, നിരവധി യുവതികളുടെ കല്യാണത്തിന്‌ സഹായം നൽകൽ, വീട് വെക്കാൻ ഭൂമി, സ്‌കൂൾ കുട്ടികൾക്ക് യൂണിഫോം, പുസ്തകം, മെഗാ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളും അദ്ദേഹം ചെയ്‌തു. പത്മശ്രീ പുരസ്‌കാരത്തിന്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ പേര്‌ നിർദ്ദേശിച്ചിരുന്നു.

ഭാര്യ: സുബ്ബമ്മ, മക്കൾ: കൃഷ്‌ണഭട്ട്‌ (ബദിയഡുക്ക പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌, പഞ്ചായത്തംഗം), ശ്യാമള , മരുമക്കൾ: ഷീലാ കെ ഭട്ട്‌, ഈശ്വരഭട്ട്‌