കേന്ദ്രനേതാക്കളുടെ അനുനയനീക്കം തള്ളി ഉത്​പല്‍ പരീക്കര്‍, ബിജെപി വിട്ടു: ഗോവയിൽ ബിജെപി ആശങ്കയിൽ

0
60

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ ബിജെപിയെ വെട്ടിലാക്കി ഉത്പല്‍ പരീക്കർ. പൻജിം നിയമസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന് ഉത്പൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് ഉത്പൽ തന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. അന്തരിച്ച മുന്‍മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മനോഹര്‍ പരീക്കറിന്റെ മകന്‍ ആണ് ഉത്പൽ പരീക്കർ.

സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും പാർട്ടിയെ സമ്മർദ്ദത്തിലാക്കരുതെന്നും ബിജെപി കേന്ദ്രനേതാക്കൾ ഉത്പലിനോട് അഭ്യർത്ഥിച്ചിരുന്നു. സമവായനീക്കങ്ങളുടെ ഭാഗമായി മുതിർന്ന നേതാക്കൾ ഗോവയിൽ നേരിട്ടെത്തിയെങ്കിലും കാണാൻ പോലും ഉത്പൽ തയ്യാറായില്ല. ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്നും മത്സരിക്കുമെന്നത് ഉറച്ച തീരുമാനമാണെന്നും ഉത്പൽ പിന്നീട് പ്രതികരിച്ചു.

ഉത്‌പൽ പരീക്കറിന്‌ മനോഹർ പരീക്കറുടെ സീറ്റായിരുന്ന പനാജി നൽകുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാൽ കോൺഗ്രസിൽനിന്ന്‌ കൂറുമാറിയെത്തിയ സിറ്റിങ്‌ എംഎൽഎ അന്റനാസിയോ ‘ബാബുഷ്‌’ മൊൻസരാറ്റെയ്‌ക്ക്‌ ബിജെപി സീറ്റ്‌ നൽകുകയായിരുന്നു. ഇതിൽ യുവമോർച്ച അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

പാര്‍ട്ടിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. പാര്‍ട്ടി അംഗങ്ങളില്‍ നിന്ന്​ മാത്രമല്ല പൊതുജനങ്ങളില്‍ നിന്നും തനിക്ക്​ പിന്തുണ കിട്ടുന്നുണ്ടെന്ന്​​ ഉത്​പല്‍ പരീക്കര്‍ പറഞ്ഞു. എന്നാല്‍, പാര്‍ട്ടി തനിക്ക്​ സീറ്റ്​ നിഷേധിച്ചു. അവസരവാദിയായ ഒരാള്‍ക്കാണ്​ പനാജിയില്‍ ഇപ്പോള്‍ സീറ്റ്​ നല്‍കാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആദര്‍ശങ്ങള്‍ക്ക്​ അനുസരിച്ചുള്ള നിലപാടെടുക്കാന്‍ സമയമായി. അതുകൊണ്ടാണ്​ സ്വതന്ത്ര നിലപാടുമായി മുന്നോട്ട്​ പോകാന്‍ തീരുമാനിച്ചത്​. ഇനി തന്‍റെ ഭാവി പനാജിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന്​ തവണ ഗോവ മുഖ്യമന്ത്രിയായ പരീക്കര്‍ 2019ലാണ്​ അന്തരിച്ചത്​. കഴിഞ്ഞ 25 വര്‍ഷക്കാലവും പരീക്കര്‍ പനാജിയില്‍ നിന്നാണ്​ മത്സരിച്ചത്​.