കോടിയേരിയുടെ ക്യാന്‍സര്‍ ഉച്ചക്കിറുക്ക്, പിണറായിക്ക് ശാപം; സുധാകരന്റെ വിദ്വേഷ പ്രയോഗങ്ങള്‍ മാധ്യമങ്ങള്‍ മുക്കി

0
88

സ്വന്തം ലേഖകൻ

ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രിക്കുള്ള കത്തെന്ന വ്യാജേന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എഴുതിയ വിദ്വേഷക്കത്തിലെ ആക്ഷേപ- മനുഷ്യത്വവിരുദ്ധ പ്രയോഗങ്ങള്‍ മുക്കി മാധ്യമങ്ങൾ. കത്തെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വെളിപ്പെടുത്തുന്നത് കെ സുധാകരൻ എന്ന മനുഷ്യത്വ വിരുദ്ധന്റെ അധമ മനസാണെന്ന് തിരിച്ചറിഞ്ഞിട്ടും ആക്ഷേപഹാസ്യം എന്ന മട്ടിൽ വാർത്തയാക്കുകയായിരുന്നു ഒരു വിഭാഗം മാധ്യമങ്ങൾ. പാരമ്പര്യമായുള്ള അസൂയക്ക് പുറമെ കത്തിലുടനീളം നിറഞ്ഞുനിൽക്കുന്നത് ആക്ഷേപ-വിദ്വേഷ പ്രയോഗങ്ങള്‍ തന്നെയാണ്.

ഒരു രാഷ്ട്രീയ നേതാവിന്റെ നികൃഷ്ട മനസും മനോഭാവവും തുറന്നുകാട്ടപ്പെടുന്നതിനുപകരം ഈ “കത്ത്” കണ്ടും വായിച്ചും അർമാദിക്കുകയായിരുന്നു മലയാള മാധ്യമങ്ങൾ. കൽപ്പറ്റയിൽ നാട്ടുകാർ തോൽപ്പിച്ച എം വി ശ്രേയാംസ്കുമാറിന്റെ മാതൃഭൂമിയും സംഘപരിവാറിന്റെ വിനീത വിധേയരായ, ഏഷ്യാനെറ്റും കോൺഗ്രസിന്റെ അരുമയായ മനോരമയും അടക്കമുള്ള മാധ്യമങ്ങൾ “കത്തിലെ” ആക്ഷേപഹാസ്യം പ്രചരിപ്പിക്കാൻ ആവേശത്തോടെ മുന്നിൽ നിന്നു. മാത്രമല്ല, കത്തിന്റെ മുഴുവൻ ഭാഗവും കൊടുക്കാതെ “പ്രസക്ത ഭാഗങ്ങൾ” മാത്രം കൊടുത്ത് സുധാകരനെ സംരക്ഷിക്കാന്‍ അതിയായ ജാഗ്രത കാട്ടുകയും ചെയ്തു.

സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്യാന്‍സര്‍രോഗത്തെ പരിഹസിച്ചാണ് ഉച്ചക്കിറുക്ക് എന്ന കടുത്ത മനുഷ്യത്വ വിരുദ്ധമായ പരാമർശം സുധാകരൻ നടത്തിയത്. മുഖ്യമന്ത്രി പിണറായിയുടെ ചികില്‍സ, സംസ്ഥാന കമ്മിറ്റി അംഗം ടി എന്‍ സീമ ഉള്‍പ്പെടെയുള്ളവരുടെ കൊവിഡ് രോഗം എന്നിവയെയും സുധാകരൻ മനോനില തെറ്റിയവനെപ്പോലെ ആക്ഷേപിച്ചു. ഐ ബി സതീഷും ടി എന്‍ സീമയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കിടപ്പിലായി എന്നതിലുള്ള അതിയായ സന്തോഷവും സുധാകരൻ പങ്കുവെക്കുന്നുണ്ട്. ഇത്തരം വിദ്വേഷ പ്രയോഗങ്ങൾ മുക്കിയാണ് പത്രങ്ങളും ചാനലുകളും വാർത്ത റിപ്പോർട്ട് ചെയ്തത്. കത്തിലൂടെ പിണറായിയെ സുധാകരൻ പരിഹസിക്കുന്നു എന്നാണ് മാതൃഭൂമി വാർത്തയുടെ അന്തസത്ത. സമാന രീതിയിലാണ് മനോരമയും ഏഷ്യാനെറ്റും വാർത്ത കൊടുത്തിരിക്കുന്നത്. കത്തിന്റെ പ്രസക്ത ഭാഗങ്ങൾ മാത്രമേ ഇക്കൂട്ടരുടെ പ്രസിൽ അച്ചടിമഷി പുരണ്ടുള്ളൂ.

”അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ഏല്‍പ്പിച്ച മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം നന്നായി തന്നെ നിർവഹിക്കുന്നുണ്ട്. അസഹനീയമായ ചികില്‍സകൊണ്ടാകാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു. കാനത്തിനുള്ള രാഷ്ട്രീയവിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ചിലരൊക്കെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ” എന്നിങ്ങനെയാണ് വിദ്വേഷ പ്രയോഗങ്ങൾ. മനുഷ്യന്റെ ചികില്‍സയെയും അദ്ദേഹം കഴിക്കുന്ന മരുന്നിനെയും അപഹസിച്ച് കെപിസിസി പ്രസിഡന്റ് തന്നെ പോസ്റ്റിട്ടിട്ടും അതിനെ ഒന്ന് ചോദ്യം ചെയ്യാൻ പോലും മാധ്യമങ്ങൾക്ക് ധൈര്യമുണ്ടായില്ല. യുഡിഎഫിന് അധികാരം കിട്ടാത്തതിന്റെ എല്ലാ ചൊരുക്കും അസൂയയും “കത്തിലുടനീളം” കാണാം. മന്ത്രി റിയാസിനെയും വ്യക്തിപരമായി ആക്ഷേപിക്കുന്നുണ്ട് “കത്തിൽ”. മുഖ്യമന്ത്രിയുടെ ചികില്‍സയെപറ്റിയും അധിക്ഷേപിക്കുന്നു സുധാകരൻ. പിണറായി അവിടെ സുഖമായിരിക്കട്ടെ എന്ന ദ്വയാര്‍ത്ഥ പ്രയോഗമാണ് സുധാകരൻ നടത്തിയിട്ടുള്ളത്.

തങ്ങളുടെ വാർത്തക്കെതിരെ ആരെങ്കിലും പ്രതികരിച്ചാൽ ഓഡിറ്റ് ചെയ്യപ്പെടുമെന്നും മറ്റും പറഞ്ഞ് ഇരവാദവുമായി രംഗത്തുവരുന്ന മാധ്യമ പ്രതിഭകളോ, ട്രോൾ വിദഗ്ധരോ ഒന്നും ഇക്കാര്യം കണ്ടിട്ടില്ല. അല്ലെങ്കിലും ദാസ്യപ്പണിയെടുക്കുമ്പോൾ സുധാകരനെ പോലെയുള്ള മൂന്നാംകിട നേതാക്കളെ പേടിക്കാതെ പറ്റില്ലല്ലോ. പക്ഷെ ഒന്നോർക്കുക, ഇത്തരം വിദ്വേഷ പ്രയോഗങ്ങൾ മുക്കി സുധാകരനെപ്പോലുള്ള നേതാക്കളെ നിങ്ങൾ പ്രൊമോട്ട് ചെയ്യുമ്പോൾ പുറത്തുവരുന്നത് മാധ്യമങ്ങളുടെ അളിഞ്ഞ മുഖം തന്നെയാണ്.