ജനരോഷം ആളിക്കത്തി : ആഭാസക്കത്ത് പിൻവലിച്ച് തടിതപ്പി സുധാകരൻ

0
55

കേരളമെങ്ങും കടുത്ത ജനരോഷം ഉയർന്നതോടെ ആഭാസവും വിദ്വേഷവും കുത്തിനിറച്ച “കത്ത്” പിൻവലിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വ്യാഴാഴ്ച ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച ആഭാസക്കത്താണ് സുധാകരൻ പിൻവലിച്ചത്. ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രിക്കുള്ള കത്തെന്ന വ്യാജേനയാണ് സുധാകരൻ തന്റെ മനോവൈകൃതം പ്രകടമാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്.


”ആശുപത്രിയിലാണ്. സുഖമായിരിക്കുന്നു” എന്ന തലക്കെട്ടില്‍ കത്തെന്ന വ്യാജേന എഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി മുഹമ്മദ് റിയാസ്, ഐ ബി സതീഷ് എംഎൽഎ, ടി എൻ സീമ എന്നിവരെ പേരെടുത്ത് പറഞ്ഞ് വിദ്വേഷ പ്രയോഗം നടത്തുകയായിരുന്നു സുധാകരൻ. കോടിയേരിക്ക് ഉച്ചക്കിറുക്കാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ചികിത്സയിൽ കഴിയുന്നവരെ പോലും തികച്ചും മനുഷ്യത്വവിരുദ്ധമായി ആക്രമിക്കുകയായിരുന്നു സുധാകരൻ. ഒരു നേതാവിന് അത്യാവശ്യം വേണ്ട സാമാന്യ മര്യാദ പോലും സുധാകരന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് കോൺഗ്രസിൽ തന്നെ വിമർശനമുയർന്നു. ആദ്യകാല നേതാക്കളും മറ്റും സുധാകരനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്തുവന്നു. കേരളമൊട്ടുക്കും പ്രതിഷേധം ഉയർന്നു. മലയാളി സമൂഹം ഈ “കത്തിനെതിരെ” രംഗത്തുവന്നതോടെ പോസ്റ്റ് പിൻവലിച്ച് തടി തപ്പുകയായിരുന്നു സുധാകരൻ.