ട്രാഫിക് ഡ്യൂട്ടി ഗതാഗത നിയന്ത്രണം മാത്രമല്ലെന്നു തെളിയിച്ച് പാലക്കാട് ട്രാഫിക് പോലീസ്

0
67

പൊരിവെയിലും പെരുമഴയും വകവയ്ക്കാതെ റോഡിൽ നിരന്തരം ജോലി ചെയ്യുന്നവരാണ് ട്രാഫിക് പോലീസുകാർ. ഗതാഗത നിയന്ത്രണത്തിനപ്പുറം അപരിചിതർക്ക് വഴികാട്ടാനും പുതുതായി നഗരത്തിലെത്തുന്നവർക്ക് മാർഗ്ഗനിർദ്ദേശം നൽകാനുമൊക്കെ എന്നും മുന്നിലാണിവർ. അതിലുപരി നഗരത്തിലെ ഓരോ അനക്കവും വിലാപങ്ങളും തങ്ങളറിയുന്നുവെന്ന് തെളിയിക്കുകയാണ് പാലക്കാട് ജില്ലയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ.

പോകേണ്ട വഴി മറന്ന് നിസ്സഹായയായി പാലക്കാട് സ്റ്റേഡിയം സ്റ്റാൻറിലിരുന്ന അമ്മയെ ട്രാഫിക് പോലീസുകാർ സുരക്ഷിതയായി വീട്ടിലെത്തിക്കുകയായിരുന്നു. സ്റ്റാൻറിൽ ഒറ്റപ്പെട്ടിരുന്ന അമ്മയോട് എവിടെ പോകണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ എ.റഷീദയും ഹോം ഗാർഡ് കെ.എസ്.കൃഷ്ണകുമാറും ചോദിച്ചെങ്കിലും പ്രായാധിക്യം മൂലം വ്യക്തമായി മേൽവിലാസം പറഞ്ഞുകൊടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. കൈയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്നു ലഭിച്ച പെൻഷൻ രസീതിലെ നമ്പറിൽ വിളിച്ച് പോലീസുദ്യോഗസ്ഥർ വിലാസം കണ്ടെത്തി. തുടർന്ന് ഓട്ടോവിളിച്ച് മണപ്പാടത്തെ വീട്ടിലെത്തിച്ചു.

പാലക്കാട് കോട്ടമൈതാനത്തിന് സമീപത്ത് റോഡരികിലെ മരച്ചുവട്ടിൽ അവശനായി കിടന്നിരുന്ന വൃദ്ധനും ട്രാഫിക് പോലീസ് തുണയായി. മൈതാനം ഭാഗത്തെ വാഹനപരിശോധനയ്ക്കിടെയാണ് എസ്.ഐ.എം.ഹംസ തളർന്നുകിടക്കുന്ന വയോധികനെ കണ്ടെത്തിയത്. അതിവേഗം വൈദ്യസഹായം നൽകിയില്ലെങ്കിൽ അപകടമാകുമെന്നു മനസിലാക്കിയ ഉദ്യോഗസ്ഥർ ആംബുലൻസ് വിളിച്ചുവരുത്തി വയോധികനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

എസ്.സി.പി.ഒമാരായ രജിത് സുന്ദർ.ആർ, വിജയാനന്ദ്.സി, ബാബു.കെ, സി.പി.ഒ അജീഷ്.കെ എന്നിവരാണ് വഴിയോരത്ത് അവശരായി കണ്ടെത്തിയ വയോധികരെ യഥാസമയം സഹായിച്ച പോലീസ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ.