അരൂരില്‍ 150 കോടി രൂപ നിക്ഷേപവുമായി ലുലു ഗ്രൂപ്; സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം ഒരുങ്ങുന്നു

0
52

കൊച്ചി അരൂരില്‍ ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന സംസ്‌കരണകേന്ദ്രം വരുന്നു. 150 കോടി രൂപ മുതല്‍മുടക്കിലാണ് നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള ലുലുവിന്റെ അത്യാധുനിക കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുന്നത്. സമുദ്ര വിഭവങ്ങള്‍ സംസ്‌കരിച്ച്‌ കയറ്റുമതി ചെയ്യുന്നതിനോടൊപ്പം സമുദ്ര വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി മാത്രം പ്രത്യേക യൂനിറ്റും പുതിയ കേന്ദ്രത്തിലുണ്ട്. ഡെന്മാര്‍ക്കില്‍ നിന്നുള്ള മെഷിനറികളും ഇറക്കുമതി ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നേരിട്ടും അല്ലാതെയും 450 ലധികം ആളുകള്‍ക്കാണ് തൊഴില്‍ ലഭ്യമാകുന്നത്. രണ്ട് യൂനിറ്റുകളിലുമായി മാസം 2,000 ടണ്‍ സമുദ്രോത്പന്നങ്ങള്‍ സംസ്‌കരിച്ച്‌ കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് പ്രധാന വിപണി. കൂടാതെ യൂറോപ്പ്, യു കെ. യു എസ്., ജപ്പാന്‍, കൊറിയ, ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നുണ്ടെന്നും ജനറല്‍ മാനേജര്‍ അനില്‍ ജലധരനും പ്രൊഡക്ഷന്‍ മാനേജര്‍ രമേഷ് ബാഹുലേയനും പറഞ്ഞു. ഏപ്രില്‍ അവസാന വാരത്തോടെ കേന്ദ്രം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നും അവര്‍ അറിയിച്ചു.