30 ഡോക്‌ടർമാർക്ക് കോവിഡ്; കോട്ടയം മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം

0
24

കോട്ടയം ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ 30 ഡോക്‌ടർമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തിര ശസ്‍ത്രക്രിയകൾ മാത്രം നടത്താനാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. മുൻകൂട്ടി നിശ്‌ചയിച്ച മറ്റെല്ലാ ശസ്‍ത്രക്രിയകളും മാറ്റിവച്ചിട്ടുണ്ട്.

കൂടാതെ വാർഡുകളിൽ സന്ദർശകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി. 30 ശതമാനം ജീവനക്കാർക്കും കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ എംബിബിഎസ്‌ ക്‌ളാസുകളും താൽക്കാലികമായി നിർത്തി വെക്കാൻ അധികൃതർ നിർദ്ദേശം നൽകി. അതേസമയം സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗബാധ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ സംസ്‌ഥാനത്ത് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

അരലക്ഷത്തിനടുത്ത് ആളുകൾക്കാണ് കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചത്. രോഗബാധ ഉയരുന്ന പശ്‌ചാത്തലത്തിൽ ജില്ലകളെ എ, ബി എന്നീ രണ്ട് കാറ്റഗറികളായി തിരിച്ചാണ് നിലവിൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.