ഇൻഡ്യാ ഗേറ്റിൽ ഇനി “അമർ ജവാൻ ജ്യോതി” ഇല്ല…മോദി എല്ലാം ഉടച്ചു വാർക്കുന്നു

0
49

50 വർഷമായി രാജ്യതലസ്ഥാനമായ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന്റെ പ്രത്യേകതയായി മാറിയ അമർ ജവാൻ ജ്യോതി എന്ന നിത്യ ജ്വാല കേന്ദ്ര സർക്കാർ റിപ്പബ്ലിക് ദിനത്തിന് മുമ്പ് അവിടെ നിന്നും മാറ്റുന്നു. ഇനി ഈ ജ്വാല ഇന്ത്യാ ഗേറ്റിന് പകരം ദേശീയ യുദ്ധസ്മാരകത്തിൽ തെളിക്കും. ദേശീയ യുദ്ധ സ്‌മാരകത്തിൽ ഇപ്പോൾ ജ്യോതി ഉള്ളതിനാലാണ്‌ ഇന്ത്യാഗേറ്റിലെ അമർജവാൻ ജ്യോതി ഒഴിവാക്കുന്നതെന്നാണ്‌ ഔദ്യോഗിക വിശദീകരണം

ഇന്ന് വൈകീട്ട് 3.30നാണ് ഇത് മാറ്റുന്ന ചടങ്ങ്. ദേശീയ യുദ്ധസ്മാരകത്തിന്റെ തന്നെ ജ്വാലയിൽ അമർ ജവാൻ ജ്യോതിയുടെ ദീപം ഉൾപ്പെടുത്തുന്നതിനുള്ള ചടങ്ങിൽ എയർ മാർഷൽ ബലഭദ്ര രാധാകൃഷ്ണ അധ്യക്ഷത വഹിക്കും.

ദേശീയ യുദ്ധസ്മാരകം

1914-21 കാലഘട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ബ്രിട്ടീഷ് ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്കായി ബ്രിട്ടീഷ് സർക്കാർ ഇന്ത്യാ ഗേറ്റ് നിർമ്മിച്ചു. 1971ൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വലിയ വിജയത്തിന് ശേഷമാണ് അമർ ജവാൻ ജ്യോതി ഉൾപ്പെടുത്തിയത്. 1971ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്കായി 1972ലാണ് അമർ ജവാൻ ജ്യോതി തെളിച്ചത്. 1972 ഫെബ്രുവരി 26 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

സ്വാതന്ത്ര്യലബ്ധി മുതൽ രാജ്യത്തെ സംരക്ഷിക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായാണ് ദേശീയ യുദ്ധസ്മാരകം നിർമ്മിച്ചത്. ദേശീയ യുദ്ധ സ്മാരകം 2019 ഫെബ്രുവരി 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. യുദ്ധസ്മാരകത്തിൽ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച 25,942 സൈനികരുടെ പേരുകൾ സുവർണ ലിപികളിൽ എഴുതിയിട്ടുണ്ട്.