കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ അനുമതി നൽകി ദേശീയപാത അതോറിറ്റി

0
25

തൃശൂർ-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കം തുറന്ന് കൊടുക്കുന്നത് പ്രതീക്ഷിച്ചതിലും വളരെ നേരത്തെ നടക്കാൻ സാധ്യത. കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂർത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാത അതോറിറ്റി തൃശൂർ ജില്ലാ കളക്‌ടറെ അറിയിച്ചു.

തുരങ്കം തുറക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തന്നെ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാവും എന്നാണ് സൂചന. കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂർത്തിയായെന്നും ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കാൻ തയ്യാറാണെന്നും കരാർ കമ്പനി നേരത്തെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ തുരങ്കം തുറന്നാലുടൻ ടോൾ പിരിവ് ആരംഭിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സംസ്‌ഥാന സർക്കാർ.

ഇക്കാര്യത്തിൽ വ്യക്‌തത വരുത്തിയ ശേഷമേ തുരങ്കം എന്ന് തുറക്കുമെന്ന കാര്യത്തിൽ തീരുമാനമാവൂ. രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്‌സ് വിഭാഗത്തിന്റെ അനുമതി നേരത്തെ കിട്ടിയിരുന്നു. തുരങ്കത്തിലെ അപകട, പ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയർഫോഴ്‌സ്‌ റിപ്പോർട് നൽകി. പിന്നാലെ രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡിനായി പാറ പൊട്ടിച്ചു കളയുകയും ചെയ്‌തിരുന്നു.

972 മീറ്റർ ദൂരത്തിലാണ് രണ്ടാം തുരങ്കം നിർമിച്ചിരിക്കുന്നത്. രണ്ട് തുരങ്കങ്ങളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകൾ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാൽ ഇതുവഴി പുറത്തു കടത്താം. കുതിരാൻ തുരങ്കം പൂർണതോതിൽ പ്രവർത്തന സജ്‌ജമായാൽ പാലക്കാട്-തൃശൂർ ദേശീയപാതയിലെ യാത്രാക്ളേശം വലിയൊരളവ് വരെ പരിഹരിക്കാനാവും.