കാർഡ് ഉടമ വാങ്ങുന്ന സാധനങ്ങളുടെ അളവ് റേഷൻകട ഉടമ ഇ- പോസ് മെഷീനിൽ രേഖപ്പെടുത്തിയാൽ ബില്ല് ലഭിക്കുന്നതാണ് നിലവിലെ സംവിധാനം. രേഖപ്പെടുത്തുന്ന ബില്ലിൻറെ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ സെർവറിൽ എത്തിയശേഷം കാർഡ് ഉടമയുടെ മൊബൈലിൽ വരും. എന്നാൽ റേഷൻ കടക്കാർ തൂക്കം കുറച്ചാൽ ഉടൻ പിടികൂടാൻ നിലവിൽ സംവിധാനമില്ല. പരാതി നൽകാമെന്നു മാത്രം. എന്നാൽ തൂക്കത്തിലെ തട്ടിപ്പ് വിതരണ സമയത്തുതന്നെ തടയുകയാണു പുതിയ സംവിധാനത്തിൻറെ ലക്ഷ്യം.
തൂക്കത്തിൽ കുറയ്ക്കുക, അനുവദിച്ചതിനേക്കാൾ വലിയ പാത്രം വച്ച് പല തവണ സാധനം തൂക്കി നൽകി അളവിൽ വെട്ടിപ്പു നടത്തുക തുടങ്ങി പലവിധ തിരിമറികൾ റേഷൻ വിതരണത്തിൽ നടക്കുന്നുണ്ട്.
അതേസമയം, ഇ-പോസ് മെഷീനും റേഷൻകടകളിലെ ത്രാസുമായി ബന്ധിപ്പിക്കുന്നതിനെ റേഷൻ വ്യാപാരികൾ ശക്തമായി എതിർക്കുകയാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മൊത്ത കച്ചവടക്കാർ റേഷൻകടകളിൽ നേരിട്ടാണു സാധനം എത്തിക്കേണ്ടത്. കൃത്യം അളവിൽ അരി, ഗോതന്പ് എന്നിവ മൊത്തക്കച്ചവടക്കാർ റേഷൻ കടകടകളിൽ തൂക്കി നൽകുന്നില്ലെന്നാണു റേഷൻ വ്യാപാരികളുടെ പരാതി.
റേഷൻ വിതരണത്തിൽ ക്രമക്കേടുണ്ടായാൽ പരാതി നൽകാൻ നിലവിൽ പല സംവിധാനങ്ങൾ ഇപ്പോഴുണ്ട്.
അതതു റേഷൻ കടകളിൽ പരാതി ബുക്കുണ്ട്. കാർഡ് ഉടമയ്ക്ക് റേഷൻകടകളിലെ ബുക്കിൽതന്നെ പരാതി രേഖപ്പെടുത്താം. പരാതി പരിഹരിച്ചാൽ മാത്രമേ താലൂക്ക് സപ്ലൈ ഓഫീസർക്ക് അടുത്ത തവണത്തേക്കുള്ള റേഷൻ വിഹിതം കടക്കാർക്ക് അനുവദിക്കാനാകൂ. എന്നാൽ കടയുടമ പരാതി ബുക്ക് ചോദിച്ചാലും നൽകാറില്ല.
താലൂക്ക് സപ്ലൈ ഓഫീസർക്കും അളവുതൂക്ക വിഭാഗത്തിനും പരാതി നൽകാം. മന്ത്രി നേരിട്ടു പരാതി സ്വീകരിക്കുന്ന ഫോൺ പരിപാടി ഇതിനെല്ലാം പുറമേയുള്ളതാണ്.