മഹിളാമോര്‍ച്ച മേഖലാ സെക്രട്ടറിയെ ബിജെപിക്കാർ വീടുകയറി മര്‍ദിച്ചു

0
113

ആർഎസ്എസ് ക്രമിനൽ സംഘം ബിജെപി മഹിളാമോർച്ച മേഖല സെക്രട്ടറിയുടെ വീടാക്രമിച്ചു. ഏറത്ത് വയല കോട്ടൂർ വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യയും മഹിളാ മോർച്ച ഏറത്ത് മേഖല സെക്രട്ടറിയുമായ അശ്വതിയുടെ വീടാണ് വെള്ളിയാഴ്‌ച രാത്രി 11.30 ഓടെ ആക്രമിച്ചത്. ആറം​ഗ  സംഘം വീടിന്റെ മുൻവശത്തെ കതക് പൊളിച്ച് അശ്വതിയെ  മർദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ആർഎസ്എസ് മുന്‍ ശിക്ഷകായ രഞ്ജിത്തിനെയും മർദിച്ചു.

എട്ടു വയസ്സുള്ള മകൾ ഗൗരി കൃഷ്‌ണയെ കഴുത്തിന് പിടിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ചെവിയിൽ തൂക്കിപ്പിടിച്ച് വീടിനടുത്തെ കുളത്തിന്റെ വക്കിൽ കൊണ്ടുപോയി  കുളത്തിലിടുമെന്ന് ഭീഷണി മുഴക്കി.
വീട്ടിനുള്ളിലെ കസേരകളും  തകർത്തു. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോൾ സംഘം ബൈക്കുകളുമായി കടന്നു. നിരവധി കേസിലെ പ്രതിയാണ്‌.

ശബരിമല വിഷയത്തിന്റെ മറവിൽ അടൂർ  ന​ഗരത്തിലെ മൊബൈൽ കടയിലേക്ക് ബോംബെറിഞ്ഞ കേസിലും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജുവിന്റെ വീടാക്രമിച്ച കേസിലടക്കം പ്രതിയായ വിഷ്‌ണുവിന്റെയും അരുൺ ശശിധരന്റെയും നേതൃത്വത്തിൽ എത്തിയ ആറംഗ ആർഎസ്എസ് സംഘമാണ് ആക്രമണം നടത്തിയത്. മാസങ്ങൾക്ക് മുമ്പ് ബിജെപി പ്രവർത്തയായ മറ്റൊരു യുവതിയെ അക്രമികള്‍  വീട്ടിൽ കയറി മർദ്ദിച്ചു. സംഭവത്തിൽ രഞ്ജിത്തും അശ്വതിയും മർദനമേറ്റ യുവതിക്കൊപ്പം നിന്നതിലെ  വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.  ഡിവൈഎസ്പി ആർ ബിനുവിന്റെ നേതൃത്വത്തിൽ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.